തൃശൂര്‍: ആറാട്ടുപുഴയിലെ ഞെരൂക്കാവ് വിഷ്ണുക്ഷേത്രത്തിലെ അപൂര്‍വ്വമായ ആചാരമായ ചൂട്ടേറ് കാണാന്‍ ഒഴുകിയെത്തി ഭക്തര്‍. ഗുരുവായൂര്‍ ഏകാദശിയുടെ പിറ്റേ ദിവസമാണ് ചൂട്ടേറ് എന്ന ചടങ്ങ്.
വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ചടങ്ങിനു പിന്നിലുള്ളത്. ഒരിക്കല്‍ അനന്തപത്മനാഭനെ കാണാന്‍ പുറപ്പെട്ട സ്വാമിയാര്‍ക്ക് കാട്ടില്‍ വഴിതെറ്റിയെന്നും ഗുരുവായൂരപ്പന്‍ ബ്രാഹ്മണ ബാലരൂപത്തില്‍ വന്ന് വഴികാണിച്ചുവെന്നുമാണ് കഥ. ആലിന്‍കൊമ്പില്‍ ചൂട്ടെറിഞ്ഞ് പിടിപ്പിക്കുന്ന കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിലയിലാണ് ബ്രാഹ്മണബാലന്റെ വേഷത്തിലെത്തിയ ഭഗവാനെ വില്വമംഗലം കണ്ടതത്രെ.
ഈ ആലിനു സമീപം അദ്ദേഹം വാമനപ്രതിഷ്ഠയും നടത്തി. ഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞവര്‍ ക്ഷേത്രത്തിനു മുന്നിലെ ആലിലേക്ക് കത്തിച്ച ചൂട്ടുകെട്ടുകള്‍ എറിയുന്നതാണ് ചൂട്ടേറ് ചടങ്ങ്. ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തില്‍ വില്വമംഗലം സ്വാമിയാരെ സങ്കല്‍പ്പിച്ച് വിളക്കും കൊളുത്തും. ക്ഷേത്രത്തില്‍നിന്ന് കൊണ്ടുവരുന്ന ദീപം കൊണ്ട് ചൂട്ടുകള്‍ കത്തിച്ച് 'ഞെരൂരപ്പന് ഹരിയോം ഹരി' എന്ന് ഉച്ചരിച്ച് മൂന്നുതവണ ക്ഷേത്രപ്രദക്ഷിണം നടത്തിയാണ് ചൂട്ടേറ്. ഉണ്ണികളോടൊപ്പം പ്രായവ്യത്യാസമില്ലാതെ നിരവധിപേര്‍ ചൂട്ടേറ് ചടങ്ങില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക