ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം, ഉറക്കം വന്നാല്‍ ഉറങ്ങുക എന്ന ഡ്രൈവിങ് സംസ്‌കാരം ഉണ്ടാവണം; ലൈനില്‍ നിന്ന് ഒരു മീറ്റര്‍ മാറി ഓടിക്കണം'

പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് ദുഃഖകരമായ സംഭവമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍
k b ganesh kumar
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്
Updated on

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് ദുഃഖകരമായ സംഭവമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയി എന്നാണ് മനസിലാക്കുന്നത്. ശബരിമല സീസണ്‍ ആണ്. റോഡില്‍ നിരവധി വാഹനങ്ങള്‍ ഉണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ അവരവര്‍ തന്നെ സൂക്ഷിക്കണം. ഉറക്കം വന്നാല്‍ ഉടന്‍ തന്നെ ഉറങ്ങുക എന്ന ഡ്രൈവിങ് സംസ്‌കാരം ഉണ്ടാവണമെന്നും കെ ബി ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

'വീടിനോട് അടുത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. വീട് അടുത്ത് തന്നെയാണല്ലോ, വീട് എത്തിയിട്ട് ഉറങ്ങാം എന്ന് കരുതി കാണും. അപകടത്തിന്റെ കാരണം ഇതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പും പൊലീസും പറയുന്നത്. പാലക്കാട്ടേത് കുഞ്ഞുങ്ങളുടെ കുറ്റമല്ല.അപകടകരമായ പ്രശ്‌നമായിരുന്നു അത്. മറ്റു പല പ്രശ്‌നങ്ങളും അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. അടുത്ത കാലത്ത് കേരളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി വലിയൊരു ഡ്രൈവ് നടത്താന്‍ ആലോചിക്കുന്നുണ്ട്. ഡ്രൈവ് നടത്തുമ്പോള്‍ കുറ്റകൃത്യങ്ങള്‍ പിടിക്കാം എന്നല്ലാതെ അവനവന്‍ പാലിക്കേണ്ട ചില അച്ചടക്കങ്ങള്‍ ഉണ്ട്. ഉറക്കം വരുമ്പോള്‍ ഉറങ്ങണം.നന്നായി ഉറങ്ങിയ ശേഷം വണ്ടി ഓടിക്കണം. കെഎസ്ആര്‍ടിയില്‍ തന്നെ ഡ്രൈവര്‍മാര്‍ക്ക് ഉറങ്ങാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളാണ് ഒരുക്കുന്നത്.തിരുവനന്തപുരത്ത് ഒരുക്കുന്നു.പാലക്കാട് ഉദ്ഘാടനം ചെയ്തു.കരുനാഗപ്പള്ളിയില്‍ വന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഡ്രൈവര്‍മാര്‍ നന്നായി ഉറങ്ങണം എന്നാണ്. ഉറങ്ങിയ ശേഷമേ വണ്ടി ഓടിക്കാവൂ. രാവിലെ മൂന്ന് മണിമുതല്‍ ഏഴുമണിവരെ മനുഷ്യന് ഏറ്റവും കൂടുതല്‍ ഉറക്കം വരുന്ന സമയമാണ്.ഈ സമയത്ത് വാഹനം ഓടിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്'- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'റോഡുകള്‍ നന്നായപ്പോള്‍ അതിനെ കുറ്റം പറയേണ്ടതില്ല. അതില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി മാറ്റണം.പാലക്കാട് സംഭവിച്ചത് പോലെ അത് റോഡിന്റെ അപാകതയാണ്.പരിഹരിക്കേണ്ടതുണ്ട്. പുനലൂര്‍- മൂവാറ്റുപുഴ റോഡ് വളരെ വര്‍ഷങ്ങളോളം തകര്‍ന്നുകിടന്ന റോഡാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റോഡ് മനോഹരമായി പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു. അപ്പോള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. എംസി റോഡില്‍ അടക്കം രണ്ടു വരി പാതയാണ്. അവിടെ നടുക്ക് ലൈന്‍ ഇട്ടിട്ടുണ്ട്. ആ ലൈനിലൂടെയല്ല ഓടിക്കേണ്ടത്. ലൈനില്‍ നിന്ന് മാറി ഓടിക്കണം. ലൈനില്‍ നിന്ന് ഒരു മീറ്റര്‍ മാറി ഓടിക്കണം. ഇപ്പോള്‍ ലൈനിലൂടെ വച്ച് പിടിപ്പിക്കുകയാണ്. വളവില്‍ എളുപ്പത്തില്‍ വലത്തോട്ട് തിരിയുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വരെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇവര്‍ക്ക് കര്‍ശന ട്രെയിനിങ് നല്‍കും. പ്രത്യേകിച്ച് സ്വിഫ്റ്റ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വളരെ അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പരിശീലനം നല്‍കും. പരിശീലനത്തിന് വഴങ്ങാത്തവരെ ഒഴിവാക്കും. കെഎസ്ആര്‍ടിസി മൊത്തം നോക്കുകയാണെങ്കില്‍ സ്വിഫ്റ്റ് സര്‍വീസുകളാണ് ഏറ്റവുമധികം അപകടം ഉണ്ടാക്കുന്നത്. മരണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് കര്‍ശന ട്രെയിനിങ് നല്‍കും'- കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com