ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ ആരാണ്?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
Question paper leak: probe handed over to Crime Branch
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
Updated on

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.

ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക.

8,9,10,11 ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലില്‍ വന്ന ചോദ്യങ്ങളുടെ മാതൃക നിരവധി വിദ്യാര്‍ഥികളാണ് കണ്ടത്. ഈ മാതൃക ആരോ ചോര്‍ത്തി നല്‍കിയതാണ് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

ഇത് ആര് നടത്തിയെന്നും ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും കുറ്റക്കാരെയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. നിലവില്‍ താമരശേരിയില്‍ അടക്കം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ചായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com