പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായത്. ബിവറേജസിന് മുന്നിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ചേതോങ്കര സ്വദേശി അമ്പാടിയെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടില്‍ വാഹനം ഉപേക്ഷിച്ച പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ രാത്രി മന്ദമരുതിയില്‍ വച്ചാണ് സംഭവം. അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഗ്യാങ് വാറാണ് റാന്നിയില്‍ നടന്നതെന്നും അതാണ് കാറിടിച്ചുള്ള കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെ മന്ദമരുതി ഭാഗത്ത് അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിച്ചത്. എന്നാല്‍, ശരീരത്തിലെ പരിക്കുകളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണ് എന്ന് വ്യക്തമാകുകയായിരുന്നു. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ സംഘവുമായി വാക്ക് തര്‍ക്കം ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പൊലീസ് പറയുന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് കയ്യാങ്കളിയുമുണ്ടായി. പിന്നീട് മന്ദമരുതിയില്‍ വെച്ച് ഏറ്റുമുട്ടാം എന്ന് വെല്ലുവിളിച്ച് ഇരുസംഘവും മടങ്ങി.
അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം കാറില്‍ സ്ഥലത്തെത്തിയത്. അമ്പാടി കാറില്‍ നിന്ന് പുറത്തിറങ്ങി ഉടന്‍ മറ്റൊരു കാറിലെത്തിയ ഗുണ്ടാ സംഘം അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കി കൊണ്ടുപോവുകയായിരുന്നു എന്നും പൊലീസ് പറയുന്നു. മകന് ഒരാളുമായി ശത്രുതയില്ല എന്നാണ് അമ്പാടിയുടെ അച്ഛന്‍ പറയുന്നത്. സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറത്തുപോയി അപകടം ഉണ്ടായെന്ന് മാത്രമാണ് അറിഞ്ഞതെന്നും അച്ഛന്‍ സുരേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക