നടിയെ ആക്രമിച്ച കേസ്: സാക്ഷികളായ ഡോക്ടറേയും ലാബ് അസിസ്റ്റന്റിനേയും വീണ്ടും വിചാരണ ചെയ്യണം; പൾസർ സുനിയുടെ ഹർജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ 112-ാം സാക്ഷിയായ ഡോക്ടറെയും 183-ാം സാക്ഷിയായ ഫൊറൻസിക് സയൻസ് ലാബ് അസിസ്റ്റന്റ് ഡയറക്ടറെയും വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. എന്നാൽ ജസ്റ്റിസ് സി ജയചന്ദ്രൻ ഹർജി തള്ളുകയായിരുന്നു.
മതിയായ അവസരങ്ങൾ ഉണ്ടായിട്ടും ചെയ്യാതെയാണു പ്രതി ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നത്. അന്തിമ വാദം നടക്കുന്ന വേളയിൽ നടപടി വൈകിക്കാൻ ലക്ഷ്യമിട്ടാണു ഹർജിയെന്നും കോടതി വിലയിരുത്തി. കേസിൽ നീതിപൂർവകമായ തീർപ്പുണ്ടാക്കാൻ ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഫൊറൻസിക് പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചു നൽകിയ ഡോക്ടറെയും ലാബിലെ വിദഗ്ധനെയും 2021 ഫെബ്രുവരിയിൽ വിസ്തരിച്ചതാണ്. അന്നു താൻ ജയിലിൽ ആയിരുന്നതിനാൽ അഭിഭാഷകനു വേണ്ടവിധം ക്രോസ് വിസ്താരം നടത്താനായില്ലെന്നായിരുന്നു സുനിയുടെ വാദം. എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഡോക്ടറെ വിസ്തരിച്ചപ്പോൾ കോവിഡ് സാഹചര്യമായതിനാൽ പ്രതിയെ എത്തിച്ചിരുന്നില്ല. ക്രോസ് വിസ്താരം വേണ്ടെന്ന് അന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു.
പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയാക്കി കേസ് അന്തിമ വാദത്തിലെത്തിയ ഘട്ടത്തിലാണു മൂന്നര വർഷം മുൻപു വിസ്തരിച്ചവരെ വീണ്ടും വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെടുന്നത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതു വിചാരണ നടപടികളിൽ കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ലെന്നു കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക