Kerala Tribute to MT Vasudevan Nair
എംടിയുടെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍പിടിഐ

വിട പറയുന്നില്ല; അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എംടിയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങും.
Published on

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് നാടിന്റെ വിട. അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ 'സിതാര' വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തി. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എംടിയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan pays his last respects to M.T. Vasudevan Nair,
മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുപിടിഐ

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ് എംടി സാറെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ എല്ലാമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com