തിരുവനന്തപുരം: മറ്റേതൊരു മൂര്‍ത്തിയേയും പോലെയുള്ള ആരാധനാ മൂര്‍ത്തിയാണ് ശ്രീനാരായണ ഗുരുദേവന്‍ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉണ്ടാകാം. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സനാതന ധര്‍മ്മം അനുസരിച്ച് ഏതിലും എന്തിലും ദൈവമുണ്ട്. തത്വമസി- അത് നീ തന്നെയാണെന്നാണ് വേദം പറയുന്നത്. നിര്‍വചിക്കുന്നതിനേക്കാളും അതീതമാണ് ഗുരുദേവന്‍. സപ്തസാഗരത്തേക്കാള്‍ വിശാലവും അഗാധവുമാണ് ഗുരുദേവ ദര്‍ശനമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ബിജെപി നേതാവ് വി മുരളീധരനും വിമര്‍ശിച്ചു. സനാതന ധര്‍മ്മത്തിന്റെ ശത്രുവാണെന്ന കമ്യൂണിസ്റ്റ് പ്രചാരവേല നടത്താനുള്ള വേദിയായി ശിവഗിരിയെ ഉപയോഗിക്കുകയാണ് ചെയ്തതെന്ന് വി മുരളീധരന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള നിരന്തര ശ്രമത്തിനാണ് പിണറായി വിജയന്‍ മുതിര്‍ന്നത്.
സനാതന ധര്‍മ്മം എന്നാല്‍ വര്‍ണാശ്രമ ധര്‍മ്മമാണെന്നാണ് പിണറായി വിജയന്റെ ഭാഷ്യം. മുമ്പ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. മുഖ്യമന്ത്രി മഹാഭാരതത്തെ അപമാനിച്ചു. കേരളത്തിലെ ഹിന്ദു സമുദായത്തെ മുഴുവന്‍ അപമാനിച്ചു. പരിശുദ്ധ ഖുറാനെക്കുറിച്ച് ഇതുപോലുള്ള പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു.
ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ഗുരുവിനെ തളച്ചിടുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക