കൊച്ചി: സിനിമകളിലും ടെലിവിഷനിലും ഒടിടി പ്ലാറ്റ്‌ഫോമിലും നിയമത്തിന് വിരുദ്ധമായി പുകവലി ദൃശ്യങ്ങള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടയില്‍ ഹര്‍ജി. പുകവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള പരിപാടികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സിഗരറ്റിന്റെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ 2003ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞിട്ടുണ്ട്. സിനിമ പോലുള്ളവയില്‍ പുകയില ഉല്‍പന്നങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ പരോക്ഷമായ പരസ്യം നല്‍കുകയാണ്. ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നതു സമൂഹത്തെയാകെ സ്വാധീനിക്കുന്നു. സിനിമയിലും സീരിയലിലമൊക്കെ പുകയില ഉപയോഗം കാണിച്ച് സാധാരണവത്ക്കരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ജസ്റ്റിസ് രാകമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സന്നദ്ധ സംഘടനയാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
'സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകള്‍ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?' ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സുഹൃത്തുക്കളുടെയും മറ്റും സ്വാധീനവും ലഭ്യതയുമൊക്കെ പുകവലിക്കു കാരണമാകുന്നുണ്ട്. പലപ്പോഴും സുഹൃത്തുക്കളും മറ്റും വലിക്കുന്നതു കണ്ടാണു പലരും പുകവലിച്ചു തുടങ്ങുന്നതെന്നു കോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക