ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; 27കാരന്റെ കൊലപാതകത്തിൽ ഡിവൈഎഫ്‌ഐ നേതാവടക്കം 5 പേർ അറസ്റ്റിൽ

കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു
ജഗത് സൂര്യന്‍, സജിന്‍, സജിത്ത്, അര്‍ജുന്‍, ഇന്ദ്രജിത്ത്
ജഗത് സൂര്യന്‍, സജിന്‍, സജിത്ത്, അര്‍ജുന്‍, ഇന്ദ്രജിത്ത്
Updated on

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യന്‍ (22), സജിന്‍ (27), സജിത്ത് (21), അര്‍ജുന്‍ (21), ഇന്ദ്രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

ആനന്ദ ഭവനത്തില്‍ നന്ദു ശിവാനന്ദനാണ് (27) മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു സമീപമാണ് സംഭവം. ഒന്നാം പ്രതി ജഗത് സൂര്യന്‍ ഹെല്‍മറ്റ് കൊണ്ട് തലയില്‍ അടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഞായറാഴ്ച സന്ധ്യയ്ക്ക് ഒറ്റപ്പനയിലെ ക്ഷേത്രത്തിലെ പകല്‍പൂരത്തിനിടയില്‍ അടിപിടി ഉണ്ടായിരുന്നു.

ഇതിനു ശേഷം ഇരുകൂട്ടരും പിരിഞ്ഞു. തുടര്‍ന്ന് രാത്രി സജിത്തും നന്ദുവും സുഹൃത്തുക്കളും തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം നില്‍ക്കുമ്പോള്‍ പ്രതികള്‍ സജിത്തിനെ തടഞ്ഞു നിര്‍ത്തി പിന്നില്‍ നിന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. നന്ദു തടസം പിടിക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ നന്ദുവിന്റെ തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. അടി കൊണ്ട് താഴെ വീണ നന്ദുവിനെ പ്രതികള്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടി.

ബോധരഹിതനായി കിടന്ന നന്ദുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ മാവേലിക്കര, ചെട്ടികുളങ്ങര ഭാഗങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ജഗത് സൂര്യന്റെ വീട്ടില്‍ നിന്നു ഹെല്‍മറ്റ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com