കേരള പൊലീസ് ഇനി തലയില്‍ മുണ്ടിട്ട് നടന്നാല്‍ മതി, ഗുണ്ടകളുടെ ഭരണമാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍

''മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘമാണ് സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത്. ''
vd satheesan
വി ഡി സതീശന്‍ ഫയല്‍ ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പൊലീസ്-ഗുണ്ട ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇത് സത്യമാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

vd satheesan
ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍

സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ മുകളില്‍ ഒരു നിയന്ത്രണുവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘമാണ് സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത്. എസ്.പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണ്. എസ്എച്ച്ഓമാരെ നിയന്ത്രിക്കുന്നത് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റികളാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് ഒരു കാര്‍ തടഞ്ഞുനിര്‍ത്തി ചില്ല് പൊട്ടിച്ച് ഉള്ളിലുള്ളവരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത്.

സംഭവ സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് രക്ഷപെട്ടോളാനാണ് കാറുടമ പൊലീസിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി. സിപിഎം ഏരിയാ കമ്മിറ്റി നേതാവിന്റെ അടുത്ത ആളാണ് അക്രമം കാണിച്ചതെന്നും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമാണ് പൊലീസ് അയാളോട് പറഞ്ഞത്. സിപിഎമ്മാണ് കേരളത്തിലെ ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ലഹരി മാഫിയകള്‍ക്കും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി എല്ലാം നോക്കി നില്‍ക്കുകയാണ്. ഒരു ഡിവൈഎസ്പിയാണ് ഗുണ്ടാത്തലവന്റെ അത്താഴവിരുന്നിന് പോയത്. കേരള പൊലീസ് ഇനി തലയില്‍ തുണിയിട്ട് നടക്കുന്നതാണ് നല്ലത്. ഇതിലും വലിയ നാണക്കേട് കേരള പൊലീസിന് ഇനി വരാനില്ല.

സ്‌കോട്ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസായിരുന്നു കേരള പൊലീസ്. ഇപ്പോഴും പൊലീസിന്റെ മിടുക്കിന് കോട്ടമൊന്നുമില്ല. എന്നാല്‍ അവരെ നിര്‍വീര്യരാക്കുകയും അവരുടെ ആത്മവീര്യം നശിപ്പിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കേരളത്തിലെ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോഴൊക്കെയും തുടര്‍ന്ന മൗനം മുഖ്യമന്ത്രി ഇപ്പോഴും തുടരുകയാണ്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വീടിനകത്ത് പോലും സുരക്ഷിതത്വമില്ല. റോഡിലും വീട്ടിലും അവര്‍ ആക്രമിക്കപ്പെടുന്നു. എത്ര കൊലപാതകങ്ങളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തില്‍ നടന്നത്. ജയിലില്‍ കിടന്ന് ക്രിമിനലുകള്‍ ക്വട്ടേഷന്‍ നടത്തുന്ന കാലമാണിത്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഒട്ടുമിക്ക കേസുകളുടെയും പിന്നില്‍ സിപിഎമ്മിന്റെ ഒരു ലോക്കല്‍ നേതാവിന്റെയെങ്കിലും കൈയുണ്ടാവും. ക്രിമിനലുകള്‍ക്കെതിരെ പരാതിപ്പെട്ടാല്‍ അവര്‍ വീടുകയറി ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. സാധാരണക്കാരനെ സംരക്ഷിക്കാന്‍ ആരുമില്ല. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമായി മാറിക്കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ക്രൈം ബ്രാഞ്ച് എന്താണ് അന്വേഷിക്കുന്നത്? അഴിമതിയെക്കുറിച്ചല്ല, മറിച്ച് ഈ വിവരം എങ്ങനെ പുറത്തുപോയി എന്നാണ് പൊലീസ് അന്വേഷിക്കുന്നത് എന്നും വി ഡി സതീശന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനുമുമ്പും അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ളപ്പോള്‍ പൊലീസ് അന്വേഷിച്ചത് ആ അഴിമതി എങ്ങനെ നടന്നു എന്നതിനെക്കുറിച്ചല്ല മറിച്ച്, ആ വിവരം എങ്ങനെ പുറത്തുപോയി എന്നാണ്. എന്നിട്ട് അത്തരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ അടക്കം പീഡിപ്പിക്കും. അപകടകരമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. എക്സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണ്. എന്നിട്ടും വകുപ്പ് മന്ത്രിക്ക് ഒന്നും പറയാനില്ല. ടൂറിസം മന്ത്രി ആദ്യം പറഞ്ഞത് മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ വകുപ്പ് തന്നെയാണ് അവിടെ ചര്‍ച്ച നടത്തിക്കൊണ്ടിരുന്നത്.

അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തെളിവുകളും ഹാജരാക്കിയിരുന്നു. മന്ത്രി സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയുന്നില്ല എന്നുപറഞ്ഞാല്‍ അത് അതിലും വലിയ നാണക്കേടാണ്. ടൂറിസം സെക്രട്ടറിയും താല്‍കാലികമായി ടൂറിസം സെക്രട്ടറിയുടെ ചുമതലയുള്ള ആളും ചേര്‍ന്നാണ് ബാറുടമകളുടെ യോഗം വിളിച്ചത്. അബ്കാരി പോളിസി റിവ്യു എന്നായിരുന്നു അവര്‍ നടത്തിയ ചര്‍ച്ചയുടെ വിഷയം. അബ്കാരി നയത്തില്‍ ചര്‍ച്ച നടത്താന്‍ ടൂറിസം വകുപ്പിന് എന്ത് അവകാശമാണുള്ളത്. ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ടൂറിസം ഡയറക്ടറുടെ പേരിലുള്ള പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി റിയാസിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെങ്കില്‍ എക്സൈസ് വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com