കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം; വെള്ളത്തില്‍ മുങ്ങി റോഡുകള്‍; രാത്രി യാത്രയ്ക്ക് നിരോധനം; ഇന്ന് നാലുമരണം

കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു.
Landslides in Kottayam Bharanganam
കൊച്ചിയില്‍ പെയ്ത ശക്തമായ മഴപിടിഐ

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലും നടക്കലിലും വെളളക്കെട്ട് രൂക്ഷമാണ്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. പാലാനഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്. മാവേലിക്കരയില്‍ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരില്‍ മത്സ്യബന്ധനത്തിനിടെ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് പാമ്പാര്‍ സ്വദേശി രാജനും മരിച്ചു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

Landslides in Kottayam Bharanganam
എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com