കൊച്ചി: എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ കുഞ്ഞൂഞ്ഞിനെ രോഗമാണ് ദൈവത്തോട് അടുപ്പിച്ചത്. ചെറുപ്പത്തിലേ അലട്ടിയ അപസ്മാരത്തോട് പൊരുതാന്‍ പഠിപ്പിച്ച അമ്മയായിരുന്നിരിക്കണം പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടുപോകാന്‍ കുഞ്ഞൂഞ്ഞ് എന്ന സി എം തോമസിന് പ്രചോദനമായത്.
വയലില്‍ വച്ച് നായ കടിച്ചതിന് ശേഷമാണ് മോഹാലസ്യപ്പെട്ട് വീഴുന്ന അസുഖം തുടങ്ങിയത്. രോഗം കുഞ്ഞൂഞ്ഞിനെ വിടാതെ പിന്തുടര്‍ന്നു. ജീവന്‍ അപകടത്തിലാകുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായി. ബോധംകെട്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു. ഒരിക്കല്‍ അടുക്കളയിലെ തീയില്‍വീണ് നെറ്റിയിലും കഴുത്തിലും പൊള്ളലേറ്റു. എവിടെയെങ്കിലും വീണുപോയാല്‍ അറിയാന്‍ അമ്മയും അപ്പനും പരിഹാരം കണ്ടെത്തി. ഒരു പുല്ലാങ്കുഴല്‍ ഉണ്ടാക്കി നല്‍കി. കുറേനേരം പുല്ലാങ്കുഴല്‍നാദം കേള്‍ക്കാതിരുന്നാല്‍ മകന്‍ അപകടത്തിലാണെന്ന് മാതാപിതാക്കള്‍ മനസിലാക്കി.
മകന്റെ അസുഖം മാറാന്‍ മലേക്കുരിശ് ദയറയില്‍ കൊണ്ടുപോയി അമ്മ മനസ്സുരുകി പ്രാര്‍ഥിച്ചു. രോഗം മാറിയാല്‍ മകനെ ദൈവപാദത്തിങ്കല്‍ എന്നേക്കുമായി സമര്‍പ്പിക്കാമെന്ന് പറഞ്ഞ് പ്രാര്‍ഥിച്ചു. പിന്നീട് കുഞ്ഞൂഞ്ഞ് അപസ്മാരത്തില്‍ വീണു പിടഞ്ഞില്ല എന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. കുഞ്ഞൂഞ്ഞിനെ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത പൗലോസ് മാര്‍ പീലക്‌സിനോസ് വൈദികപഠനത്തിനു പിറമാടം ദയറയിലേക്കു വിട്ടു. 4 വര്‍ഷം കഴിഞ്ഞപ്പോള്‍ തിരികെപ്പോകണമെന്നു പയ്യന്‍ വാശിപിടിച്ചു. വൈദികനാകാനുള്ള വിദ്യാഭ്യാസമില്ലെന്നു പറഞ്ഞുനോക്കി. കുഞ്ഞൂഞ്ഞിനെ മെത്രാപ്പൊലീത്ത വടവുകോട് കോരുത് മല്‍പാന്റെ അടുത്തേക്കയച്ചു. നാലാം ക്ലാസില്‍ തോറ്റുവന്നതിനാല്‍ മല്‍പാന്‍ സ്വീകരിച്ചില്ല. കപ്യാരുടെ അടുത്തുപോയി പഠിക്കാന്‍ പറഞ്ഞു. ശെമ്മാശന്‍മാരുടെ പിറകിലിരുന്നു പഠിച്ചോളാമെന്നു പറഞ്ഞത് സമ്മതിച്ചു.
ഇതിനിടെ സുവിശേഷയോഗങ്ങള്‍ക്കു പോയിത്തുടങ്ങിയതോടെ പ്രസംഗകന്‍ എന്ന നിലയില്‍ പേരെടുത്തു. വടവുകോട് പള്ളിയിലെ പ്രസംഗം കേട്ട കരപ്രമാണിമാര്‍ ഒന്നു തീരുമാനിച്ചു, ഇനി ഈ പള്ളിയില്‍ ഈ പയ്യന്‍ പ്രസംഗിച്ചാല്‍ മതി. മല്‍പാന്റെ അടുക്കല്‍നിന്നു മഞ്ഞനിക്കര ദയറയില്‍ ഏലിയാസ് മാര്‍ യൂലിയോസ് ബാവായുടെ അടുക്കല്‍ പഠനത്തിനു പോയി. അഞ്ചാം ദിവസം ബാവാ പറഞ്ഞു: 'നിന്നെ നാളെ കുര്‍ബാനമധ്യേ വൈദികനാക്കുകയാണ്'. മഞ്ഞനിക്കരയിലെത്തി ഏഴാം ദിവസം വൈദികന്‍! പ്രീഡിഗ്രിക്കാര്‍ക്ക് വൈദികനാകാന്‍ 3 വര്‍ഷം വേണ്ടപ്പോഴാണ് നാലാം ക്ലാസുകാരന്‍ ആകെ 126 ദിവസംകൊണ്ടു വൈദികനായത്. പിന്നിലിരുന്നു പഠിച്ച കുഞ്ഞൂഞ്ഞ് എല്ലാവര്‍ക്കും മുന്നിലെത്തി ഫാ. തോമസ് ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക