കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.
യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസ്ഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മോര്‍ ദിവന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്തയും യു കെ ആര്‍ച്ച് ബിഷപ് മോര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പശ്ചിമേഷല്‍യിലെ സംഘര്‍ഷം മൂലം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.
ബാവായുടെ ഭൗതീക ശരീരം കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയപ്പള്ളിയിലും കോതമംഗലം വലിയപ്പള്ളിയിലും പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തും എത്തിയത്. ഇന്നലെ വൈകീട്ട് നാലിന് കോതമംഗലം വലിയപ്പള്ളിയില്‍ നിന്ന് ബാവയുടെ ഭൗതീകാ ശരീരം വഹിച്ചുകൊണ്ട് പുറപ്പെട്ട പുത്തന്‍ കുരിശ് പത്രിയര്‍ക്കാ സെന്ററില്‍ രാത്രി ഒമ്പത് മണിയോടെ എത്തിച്ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ രാഷ്ട്രിയ സാമൂഹ്യ രംഗത്തു നിന്ന് നിരവധി പേര്‍ ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങി നിരവധിപേര്‍ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ബാവായുടെ വില്‍പത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ പിന്‍ഗാമിയാകണമെന്നാണ് വില്‍പത്രത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്നു ബാവാ വില്‍പത്രത്തില്‍ വ്യക്തമാക്കി. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. പിന്നാലെ താന്‍ തന്നെ പണി കഴിപ്പിച്ച മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയന്‍ വിടചൊല്ലി. അഞ്ചരയോടു കൂടിയാണ് കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക