പാലക്കാട്: സന്ദീപ് വാര്യരുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. 'സന്ദീപിന് മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവര്‍ത്തകന് മാനസിക വിഷമമുണ്ടായാല്‍ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതും പരിഹരിക്കുമെന്നും' കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ പ്രവര്‍ത്തകനായി ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ച് വളര്‍ന്നവനാണ് താന്‍. പാലക്കാട്ടെ സാധാരണ പ്രവര്‍ത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. ഓരോ പ്രവര്‍ത്തകനുമൊപ്പം ബിജെപിയുടെ നേതൃത്വവും സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവുമൊക്കെയുണ്ട്.
'സന്ദീപ് വാര്യരുടെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ട് ഫോണില്‍ വിളിച്ചതാണ്. വിളിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്ക ണ്ടിട്ടില്ല. സന്ദീപുമായി സംസാരിക്കും. പാര്‍ട്ടിയോട് ആത്മാര്‍ത്ഥയുള്ള, സംഘടനയില്‍ ഉറച്ചു നില്‍ക്കുന്ന ഒരാള്‍ക്കും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കില്ലെന്നും' സി കൃഷ്ണകുമാര്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്നും, അത് പാര്‍ട്ടി പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍, തെരഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട പത്ഥ്യങ്ങള്‍ പാലിച്ചിട്ടില്ല എങ്കില്‍ മാധ്യമങ്ങളെ കാണുന്നതാണ്. ആ കുറിപ്പ് പരിശോധിക്കാതെ ഇപ്പോള്‍ മറുപടി പറയാനാകില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്നും നിരവധി അപമാനങ്ങള്‍ ഏറ്റെന്നും, അപമാനിക്കപ്പെട്ട സ്ഥലത്ത് പ്രചാരണത്തിനായി പോകില്ലെന്നുമാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക