കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും.
ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കും. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക