തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയിൽ വിശദീകരിച്ചു.
2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. ഗ്രീഷ്മ വിഷത്തേക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ നൽകിയിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത് ചെയ്തത്. ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഗ്രീഷ്മ ഒന്നാം പ്രതിയും അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതിയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക