കോഴിക്കോട്: കെ കെ ശൈലജക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ശിക്ഷ. ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസിലാണ് നടപടി. തൊട്ടില്‍ പാലം ചാപ്പന്‍തോട്ടം സ്വദേശി മെബിന്‍ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു.
പ്രതി നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ ശൈലജക്കെതിരെ മെബിന്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടത്.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്നു കെകെ ശൈലജ കോടതി വിധിക്ക് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യുഡിഎഫ് സൈബര്‍ വിംഗ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടില്‍പ്പാലം സ്വദേശി മെബിന്‍ തോമസിനെ കോടതി ശിക്ഷിച്ചിരിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലായിരുന്നു വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടന്നിരുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിര്‍ണായകമാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ. ഈ വ്യാജന്‍മാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക