ഷാഫിയുടെ നാടകത്തിലെ നടന്മാരാണോ എം ബി രാജേഷും റഹീമും?; നുണ പരിശോധനയ്ക്കും തയ്യാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

'സിപിഎം സോഴ്‌സിലൂടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്'
rahul mamkoottathil
രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക്
Published on
Updated on

പാലക്കാട്: പാലക്കാട് ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലെ രാത്രി റെയ്ഡ് ഫാഫി പറമ്പിലിന്റെ നാടകമാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫിയുടെ നാടകമാണെങ്കില്‍, എം ബി രാജേഷും റഹീമും തങ്ങള്‍ ഒരുക്കുന്ന തിരക്കഥയില്‍ അഭിനയിക്കുന്ന നടന്മാരാണോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. അവരാണല്ലോ ഈ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം ആവശ്യപ്പെട്ടതു പ്രകാരം നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണ്. എന്നോടൊപ്പം എംബി രാജേഷിനെയും എ എ റഹിമിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണം. അപ്പോള്‍ ആരാണ് നുണ പറയുന്നതെന്ന് തെളിയും. സിപിഎം നിരന്തരം വാദം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. എന്തിനാണ് ഗോള്‍പോസ്റ്റ് മാറ്റിക്കൊണ്ടിരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ഒന്നുകില്‍ സിപിഎം സെക്രട്ടറി ഒരു തീരുമാനത്തിലെത്തണം. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥി തീരുമാനത്തിലെത്തണം. ഇനി കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്താണ് പറയുന്നത് എന്ന് അറിയേണ്ടതുണ്ട്. താനിടുന്ന ഷര്‍ട്ടിന്റെ നിറമോ, തുണി എവിടെ നിന്നെടുക്കുന്നു എന്നതാണോ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.

സിപിഎം സോഴ്‌സിലൂടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നിലൂടെ ഓടി രക്ഷപ്പെട്ടുവെന്നാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ താന്‍ മുന്നിലത്തെ വാതിലിലൂടെ കൂളായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. തമിഴ്‌നാട് വാഹനത്തിലാണ് നീലപ്പെട്ടി വന്നതെന്ന ആരോപണം കളവാണ്. ഹോട്ടലിന് മുന്നിലെ സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകും. താന്‍ തമിഴ്‌നാട് രജിസ്റ്റേഡ് വാഹനത്തില്‍ കയറിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട് ഹോട്ടലിലെ പരിശോധനാ നാടകം ഷാഫി പറമ്പിൽ ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ അഭിപ്രായപ്പെട്ടത്. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്ന് അന്വേഷിക്കണം. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com