തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും മഴയിൽ വ്യാപക നാശമുണ്ടായി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി. വെള്ളമൊഴുകി പോകേണ്ട കലുങ്ക് മാലിന്യമൂലം അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് പരാതി. മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക