തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് തമ്മിലടി. തനിക്കെതിരായ വാര്‍ത്തയ്ക്കു പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായി കുറ്റപ്പെടുത്തി കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് രംഗത്തുവന്നു. തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി പത്രത്തിനു നല്‍കുന്ന ഡോ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിക്കുകയാണെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു.
കുറിപ്പിനു താഴെ ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ചോരുന്നുവെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക്, ജയതിലക് തന്നെയാണ് മാടമ്പള്ളിയിലെ ചിത്തരോഗി എന്നാണ് പ്രശാന്ത് നല്‍കിയ മറുപടി. 'ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.
''എനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ...''- പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.
പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനല്‍ സെക്രട്ടറി ഡോ.എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ഗോപാലകൃഷ്ണനെതിരെ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് പ്രശാന്തിനെതിരായ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതു സംശയകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക