നാന്നൂറോ അഞ്ഞൂറോ പേജില്‍ ഒതുങ്ങില്ല, അതിനപ്പുറം പറയാനുള്ള ചരിത്രം ഇപി ജയരാജനുണ്ടെന്ന് എംവി ഗോവിന്ദന്‍

വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുകയാണെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ep jayarajan
ഇപി ജയരാജന്‍ഫയല്‍
Published on
Updated on

തിരുവനന്തപുരം: നാന്നൂറോ അഞ്ഞൂറോ പേജില്‍ ഒതുങ്ങുന്നതല്ല ഇപി ജയരാജന്റെ ആത്മകഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെക്കാള്‍ പതിന്‍മടങ്ങ് പേജുകള്‍ എഴുതാനുള്ള ചരിത്രം ഇപി ജയരാജനുണ്ട്. ആത്മകഥയെന്ന് പറഞ്ഞ് ഇപ്പോള്‍ പുറത്തുവന്ന 177 പേജിനെയും ഇപി ജയരാജന്‍ നിഷേധിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുകയാണെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ആത്മകഥാ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിനായി തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുത്തത് തന്നെ അതിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് ഇപി ഡിജിപിക്കു കൊടുത്ത പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ജയരാജന്‍ ആരുമായും കരാര്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക. കരാര്‍ ഇല്ലാത്തിടത്തോളം ഇതെല്ലാം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നു വ്യക്തമാണ്.

പുറത്തുവന്ന കാര്യങ്ങള്‍ താന്‍ എഴുതിയതല്ലെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ എഴുതിയെന്ന് പറയുന്നത് വ്യാജമായി നിര്‍മിച്ചതാണ്. ഇക്കാര്യത്തില്‍ ജയരാജന്‍ ഒരു തരത്തിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. ആരാണ് ആത്മകഥയുടെ പിഡിഎഫ് പുറത്തുവിട്ടതെന്ന് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആത്മകഥ എഴുതിപൂര്‍ത്തിയാക്കിട്ടില്ലെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസമാണ്. യാതൊരുവസ്തതയുമില്ലാതെ കള്ളം പ്രചരിപ്പിക്കുന്നവരായി മാധ്യമങ്ങള്‍ മാറുകയാണ്. രാഷ്ട്രീയക്കാരുടെ മതിപ്പ് കുറയ്ക്കാനാണ് മാധ്യമങ്ങള്‍ ഇതു ചെയ്യുന്നതെങ്കിലും ആത്യന്തികമായി മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ചോര്‍ന്നുപോകുകയെന്നും ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com