കോഴിക്കോട്: സംഘർഷങ്ങൾക്കൊടുവിൽ ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച് സിപിഎമ്മും കോൺഗ്രസ് വിമതരും. സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനൽ മത്സരിച്ചത്.
11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ജി സി പ്രശാന്തിനെ ചെയർമാനായി തെരഞ്ഞെടുത്തു. 36,000ത്തോളം വോട്ടർമാരിൽ 9000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു.
അതേസമയം ഇന്ന് രാവിലെ വോട്ടെടുപ്പിനിടെ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.
രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക