അര്‍ജന്റീനന്‍ ടീമിന്റെ സന്ദര്‍ശനം;'സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍, സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുന്ന നിമിഷം'

ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Argentine team's visit; 'Government's constant intervention' pinarayi vijayan says
പിണറായി വിജയന്‍
Published on
Updated on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദര്‍ശനമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദര്‍ശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകള്‍ വഹിക്കാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണര്‍വ്വു പകരാന്‍ അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടര്‍ക്കും ഊഷ്മളമായ വരവേല്‍പ്പു സമ്മാനിക്കാന്‍ നാടാകെ ആവേശപൂര്‍വ്വം ഒരുമിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com