കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്്. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വഖഫ് സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് നിയമപ്രകാരം സര്‍ക്കാരും കോടതിയും അംഗീകരിക്കുന്ന എത് തീരുമാനവും അംഗീകരിക്കും. പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ റിസോര്‍ട്ട് മാഫിയകളും മറ്റ് ചില തത്പരകക്ഷികളുമാണ്. വഖഫ് ഭൂമിയിലെ സാധുക്കളായ താമസക്കാര്‍ക്ക് കഴിയാന്‍വേണ്ട നിയമപരമായ സഹായം നല്‍കണമെന്നും സംരക്ഷണ സമിതി പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിഡി സതീശന്റെയും മുസ്ലീം ലീഗിലെ ചില നേതാക്കളുടെയും പ്രസ്താവന വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ്. പറവൂര്‍ സബ്‌കോടതിയും ഹൈക്കോടതിയുമെല്ലാം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചതാണെന്നും സമിതി വ്യക്തമാക്കി.
2009ല്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിയമവിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയവരില്‍ നിന്ന് നഷ്ടം ഈടാക്കണം. നിയമപരമായ വഴിയിലൂടെ സഞ്ചരിച്ചാല്‍ തങ്ങളുടെ പക്കല്‍ ന്യായം ഇല്ലാത്തതിനാല്‍ നീതി ലഭിക്കില്ലെന്ന ബോധ്യമാണ് പ്രതിഷേധത്തിന് പിന്നിലെന്നും സമിതി കുറ്റപ്പെടുത്തി
നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി നിലവില്‍ വഖഫിന്റെ അഥവാ സര്‍ക്കാരിന്റെ സ്വത്ത് കൂടിയാണ്. ഇവിടത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
മുസ്ലിം സമുദായത്തിലെ ചില സംഘടനകളും വ്യക്തികളും വസ്തുതകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നത് മുനമ്പത്തെ അനധികൃത ഭൂമിയിടപാടില്‍ ആദ്യകുറ്റവാളികളായ ഫറൂഖ് കോളജ് മാനേജ്മെന്റിനെ രക്ഷിച്ചെടുക്കുന്നവരും മുനമ്പത്തേത് പോലെ വഖഫ് ഭൂമി കൈയേറിയിരിക്കുന്നവരും രാഷ്ട്രീയ ലാഭം മോഹിക്കുന്നവരുമാണെന്ന് ചോദ്യത്തിന് മറുപടിയായി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക