'മുനമ്പം 10 മിനിറ്റിൽ തീർക്കാം, സർക്കാർ മനഃപൂർവം വൈകിപ്പിച്ച് സംഘപരിവാറിനു അവസരം ഒരുക്കുന്നു'

ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനത്തിൽ കടുത്ത വിയോജിപ്പെന്ന് പ്രതിപക്ഷ നേതാവ്
munambam land dispute
വിഡി സതീശന്‍ഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനത്തോടു യോജിപ്പില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ മുനമ്പത്തെ പാവങ്ങൾക്ക് നീതി നിഷേധിക്കുകയാണ്. കമ്മീഷനെ നിയമിച്ചതിൽ കടുത്ത വിയോജിപ്പുണ്ടെന്നു അദ്ദേ​ഹം വ്യക്തമാക്കി.

പത്ത് മിനിറ്റിൽ തീർക്കാവുന്ന വിഷയം സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരമൊരുക്കുകയാണ്.

മുസ്ലീം സംഘടനകളും ഫാരൂഖ് കോളജ് മാനേജ്മെന്റും പ്രശ്ന പരിഹാരത്തിനു എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അതു കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിനു സാധിക്കും.

എന്നാൽ ഏകപക്ഷീയ തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സമരത്തിലുള്ളവരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. പ്രശ്ന പരിഹാരം നീട്ടിക്കൊണ്ടു പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയില്ല.

സർവകക്ഷി യോ​ഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഇതുവരെ അം​ഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മീഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിനു ദുരദ്ദേശമുണ്ടെന്നു വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മീഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്കു അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com