തൃശൂര്‍: സിപിഎമ്മിനെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തുവന്ന പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. മുന്‍ ദലിത് കോണ്‍ഗ്രസ് നേതാവായ എന്‍ കെ സുധീറാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ മത്സരിച്ചത്. സുധീറിന് 3920 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 11 പോസ്റ്റല്‍ വോട്ടുകളും സുധീറിന് ലഭിച്ചു. ആകെ പോള്‍ ചെയ്തതിന്റെ 2.51 ശതമാനം മാത്രമാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വെറും 13 ദിവസം മാത്രമാണ് സംഘടനയ്ക്ക് പ്രചാരണത്തിന് ലഭിച്ചത്. ഇടത് കോട്ടയില്‍ 3920 വോട്ടുകള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചെറിയ കാര്യമല്ല. പിണറായിസത്തിനെതിരായ വോട്ടാണ് സുധീറിന് ലഭിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.
കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിച്ച് 3920 വോട്ട് നേടാന്‍ ശേഷിയുള്ള വേറെ എത്ര പാര്‍ട്ടികളുണ്ട്. ഞങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ എത്രത്തോളം ഏറ്റെടുക്കുന്നു എന്ന് അറിയാനാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഞങ്ങള്‍ ഉയര്‍ത്തിയ ആശയങ്ങള്‍ ശരിവെക്കുന്ന ഫലം തന്നെയാണ് മൂന്നിടത്തും ഉണ്ടായത്. ഇടത് സര്‍ക്കാറിന്റെ പല ചെയ്തികളും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് അന്‍വര്‍ പറഞ്ഞു.
കൃത്യമായ രാഷ്ട്രീയ വോട്ടുകളാണ് ചേലക്കരയില്‍ ഡിഎംകെക്ക് ലഭിച്ചത്. ചേലക്കരയില്‍ ഏകദേശം 8000 ഓളം എല്‍ഡിഎഫ് വോട്ട് യുഡിഎഫ് പിടിച്ചു. ബിജെപിക്ക് 9000 ലേറെ വോട്ട് കൂടുതല്‍ കിട്ടി. ഇത് സര്‍ക്കാറിനെതിരായ വോട്ടുകളാണ്. ഡിഎംകെക്ക് കിട്ടിയ 3920 വോട്ടും സര്‍ക്കാറിനെതിരായ വോട്ടുകളാണ്. ഈ രാഷ്ട്രീയം തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. 140 മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് കമ്മിറ്റികളും വാര്‍ഡ് തല കമ്മിറ്റികളുമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്തിയുള്ള മുന്നേറ്റം ഡിഎംകെ ഉണ്ടാക്കുമെന്നും അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക