അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

ശാന്തന്‍പാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്
Father and son involved in theft; Son arrested
ബിജു, വിബിന്‍
Published on
Updated on

ഇടുക്കി: അച്ഛനും മകനും ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ മകന്‍ പൊലീസ് പിടിയില്‍. ഇടുക്കി ശാന്തന്‍പാറയില്‍ മൂന്ന് ലക്ഷം രൂപയുടെ ഏലക്ക മോഷ്ടിച്ച കേസില്‍ കാമാക്ഷി വിബിനാണ് പിടിയിലായത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

അണക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ശാന്തന്‍പാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകന്‍ വിബിനും ചേര്‍ന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ ഓട്ടം വിളിച്ചു. പേത്തൊട്ടിയില്‍ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാല്‍ ജോയി ഓട്ടം പോയില്ല. സംഭവത്തില്‍ സംശയം തോന്നിയ ജോയി ഇക്കാര്യം ശാന്തന്‍പാറ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ച് വിബിന്‍ ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി വരുന്നത് കണ്ടു. പൊലീസിനെ കണ്ടയുടന്‍ വിബിന്‍ ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി.

ഇയാള്‍ ഉപേക്ഷിച്ചു പോയ ബാഗില്‍ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിച്ചത്.ബാഗില്‍ ഉണ്ടായിരുന്ന വാഹന വില്‍പന കരാറില്‍ വിബിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തില്‍ ഇയാള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം വെള്ളത്തൂവല്‍ പവര്‍ഹൗസ് ഭാഗത്ത് വച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com