50 ചെരാതുകളില്‍ സുവര്‍ണജൂബിലി ദീപം; ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം- വിഡിയോ

ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും
Chembai Sangeetholsavam
തംബുരു വിളംബര ഘോഷയാത്രയുടെ ഉ​ദ്ഘാടന ചടങ്ങ്image credit: Guruvayur Devaswom
Published on
Updated on

തൃശൂര്‍: ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. സംഗീതോത്സവമാരംഭിച്ചിട്ട് അമ്പതാമത്തെ വര്‍ഷമാണിത്. അതിന്റെ പ്രതീകമായി 50 ചെരാതുകളില്‍ ദീപം തെളിയിക്കും.

ചെമ്പൈ സംഗീത മണ്ഡപം ഇക്കുറി ക്ഷേത്ര ശില്‍പ്പമാതൃകയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചെമ്പൈയുടെ ചിത്രവും പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ നിന്ന് കൊണ്ടുവന്ന തംബുരുവും വേദിയില്‍ വയ്ക്കും. വൈകീട്ട് ആറിന് മന്ത്രി ആര്‍ ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം വയലിന്‍ വിദുഷി എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് തന്ത്രി ദീപം കൊളുത്തി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരും. തുടര്‍ന്ന് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമാകും. ദിവസവും രാവിലെ ആറിന് തുടങ്ങി രാത്രി 12 വരെ നീണ്ടുനില്‍ക്കും. സ്‌പെഷ്യല്‍ കച്ചേരികള്‍ രാത്രി ആറുമുതല്‍ ഒന്‍പത് വരെയുണ്ടാകും. ആകാശവാണി റിലേ കച്ചേരികള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് റിലേ. ഡിസംബര്‍ പത്തിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം. ഏകാദശിദിനമായ 11ന് രാത്രി മംഗളകീര്‍ത്തനാലാപനത്തോടെ സംഗീത്സോവം കൊടിയിറങ്ങും.

തംബുരു വിളംബര ഘോഷയാത്ര

ചെമ്പൈ സംഗീതോല്‍സവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തില്‍ നടന്നു. ചെമ്പൈ സ്വാമികള്‍ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷില്‍ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. പാലക്കാട് കോട്ടായി ജംഗ്ഷനില്‍ ആണ് സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടര്‍ന്ന് ചെമ്പൈ സംഗീത കോളേജില്‍ എത്തുന്ന വിളംബര ഘോഷയാത്രയെ പ്രൊഫസര്‍ മനോജിന്റെ നേതൃത്വത്തില്‍ അധ്യാപകരും സംഗീത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സംഗീതകച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികള്‍ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.

ഒളപ്പമണ്ണ മനയുടെ ഇപ്പോഴത്തെ അവകാശി രാജന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സ്വീകരണം. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനു ശേഷം വിളംബര ഘോഷയാത്ര ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം 6 മണിയോടെ കിഴക്കേനടയില്‍ എത്തും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്റെ നേതൃത്വത്തില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ വന്‍ എതിരേല്‍പ്പ് നല്‍കി തംബുരു വിളംബര ഘോഷയാത്രയെ ആനയിച്ച് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിക്കും. തുടര്‍ന്ന് തംബുരു സംഗീത മണ്ഡപത്തില്‍ സ്ഥാപിക്കുന്നതോടെ സംഗീതോത്സവത്തിന് തുടക്കമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com