ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി സുധാ രഘുനാഥിന്റെ കച്ചേരി; ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം

സുവര്‍ണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവം 2024 ലെ ആദ്യ വിശേഷാല്‍ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്
സംഗീത കച്ചേരിയില്‍ നിന്ന്
സംഗീത കച്ചേരിയില്‍ നിന്ന്
Published on
Updated on

തൃശൂര്‍: ഭക്തിയുടെ നിറവില്‍ ചെമ്പൈ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്ര ശ്രീകോവിലിലില്‍ നിന്നും പകര്‍ന്നെത്തിച്ച ദീപം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിലെ നിലവിളക്കില്‍ തെളിയിച്ചതോടെയാണ് പതിനഞ്ചു ദിവസം നീളുന്ന സംഗീതാര്‍ച്ചനയ്ക്ക് ആരംഭമായത്. തുടര്‍ന്ന് നാദസ്വരം തവില്‍ കലാകാരന്‍മാര്‍ മംഗളവാദ്യം മുഴക്കി.

ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി പത്മഭൂഷണ്‍ സുധാ രഘുനാഥിന്റെ സംഗീത കച്ചേരിയും അരങ്ങേറി. സുവര്‍ണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവം 2024 ലെ ആദ്യ വിശേഷാല്‍ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്. കച്ചേരിയില്‍ ശോഭില്ലു സപ്തസ്വര... എന്ന ത്യാഗരാജ കൃതിയാണ് ആദ്യം ആലപിച്ചത്. തുടര്‍ന്ന് ശ്രീ സത്യനാരായണം എന്ന മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കീര്‍ത്തനം ശുഭപന്തുവരാളി രാഗത്തില്‍ പാടി. തുടര്‍ന്ന് ഭജന്‍സ് ആലപിച്ചു. പാപനാശം ശിവം രചിച്ച എന്നതവം ശെയ്തനെ എന്ന തമിഴ് കൃതിയോടെയാണ് കച്ചേരിക്ക് പരിസമാപ്തിയായത്. എമ്പാറ കണ്ണന്‍ (വയലിന്‍) നെയ് വേലി സ്‌കന്ദസുബ്രഹ്മണ്യം (മൃദംഗം) ,വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത് (മുഖര്‍ ശംഖ് ) എന്നിവര്‍ പക്കമേളമൊരുക്കി.

ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാല്‍, തിരുവിഴ ശിവാനന്ദന്‍, ഗുരുവായൂര്‍ മണികണ്ഠന്‍, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവര്‍ വാതാപി....എന്നു തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു. നെടുമങ്ങാട് ശിവാനന്ദന്‍ (വയലിന്‍) ,എന്‍. ഹരി (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കി. തുടര്‍ന്ന് തൃശൂര്‍ സ്വദേശികളായ നിഥിന്‍ വി സി, അനൂപ് ഒ പി, രതീഷ് ഒ കെ, സുനില്‍ എം കെ എന്നിവരുടെ സംഘം കീര്‍ത്തനത്തോടെയാണ് സംഗീതാര്‍ച്ചന ആരംഭിച്ചത്.

ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളും ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി കണ്‍വീനര്‍മാരുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍ സി മനോജ്, വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗങ്ങളായ വൈക്കം വേണുഗോപാല്‍, തിരുവിഴ ശിവാനന്ദന്‍, എന്‍ ഹരി, ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍, ആനയടി പ്രസാദ് എന്നിവര്‍ സന്നിഹിതരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com