കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം നല്‍കാന്‍ പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ആലോചിക്കാവുന്ന കാര്യമല്ലേ?. കേരളത്തിലെ ദേശീയമാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും മുഖ്യമന്ത്രിയുടെ അഭിമുഖം താല്‍പ്പര്യത്തോടെ സ്വീകരിക്കുന്നവരാണ്. പലമാധ്യമങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി സമയക്കുറവ് മൂലം കൊടുക്കാത്ത എണ്ണം ഏറെയാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നല്‍കാന്‍ ഒരു പി ആര്‍ ഏജന്‍സിയുടെ ആവശ്യം ഇല്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകള്‍. ഇതെല്ലാം ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് വരുന്നതാണ്. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ട്ണറെപ്പോലെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയന് നേര്‍ക്ക് വലിയ ആക്രമണമാണ് നേരിട്ടിട്ടുള്ളത്. പിണറായിയുടെ തലയ്ക്ക് വരെ ഇനാം പ്രഖ്യാപിച്ചതാണ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ദിനപ്പത്രത്തില്‍ കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സത്യം തെളിഞ്ഞപ്പോള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? പ്രതിപക്ഷത്തിന്റെയും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടേയും വളരെ അപകടകരമായ രാഷ്ട്രീയ പ്രയോഗത്തെ തുറന്നു കാണിക്കാന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്.
2021 ല്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനോടുള്ള വിശ്വാസവും താല്‍പ്പര്യവും, അദ്ദേഹത്തിന് നല്‍കിയ പിന്തുണയുമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോള്‍ പിണറായി വിജയന്‍ ആണ്. നാളെ മറ്റൊരാള്‍ വന്നാലും ആ തലയെയും അടിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ബോധപൂര്‍വമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള കടന്നാക്രമങ്ങൾക്കെതിരെ ജീവൻ നൽകിയാലും ഒറ്റക്കെട്ടായി പ്രതിരോധിക്കും. മാധ്യമ ഉടമകൾക്ക് രാഷ്ട്രീയമുണ്ട്. അതാണ് വികസന പ്രവർത്തനങ്ങൾ കാണാതെ മാധ്യമപ്രവർത്തകർ സർക്കാരിനെതിരെയുള്ള കുറ്റവും കുറവും മാത്രം കാണുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വർഗീയവാദികളാക്കാൻ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട് അവരെ ശക്തമായി പ്രതിരോധിക്കും. മലപ്പുറം ജില്ലയ്ക്കെതിരെ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ജമാത്തെ ഇസ്ലാമിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. സമുഹത്തെ വർഗീയമായി വിഭജിക്കാനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ 30 വർഷമായി മുഖ്യമന്ത്രി പിണറായിയെ വേട്ടയാടാൻ തുടങ്ങിയിട്ട്. എന്നിട്ടും അദ്ദേഹത്തെ തകർക്കാൻ നിങ്ങൾക്കായോയെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക