തൃശൂര്‍: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃശൂരിലെ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍ പാരമ്പര്യത്തനിമയില്‍ സമൂഹബൊമ്മക്കൊലു ഒരുക്കി. ബഹുനില റാക്കില്‍ പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂര്‍ത്തങ്ങളും അവതാരങ്ങളും പുണ്യപുരുഷന്മാരുമാണ് ബൊമ്മകളായി പുനര്‍ജ്ജനിച്ചത്.
മണ്ണുകൊണ്ടുളള ഈശ്വരരൂപങ്ങളെ ആരാധിച്ചാല്‍ ഈശ്വരാനുഗ്രഹം ഉണ്ടാവുമെന്നാണ് വിശ്വാസം. നവരാത്രികാലങ്ങളില്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും മൂലം 'ബൊമ്മക്കൊലു' വീടുകളില്‍ ഒരുക്കല്‍ കുറഞ്ഞുവന്നു. ഇതിനു പരിഹാരമായി 26 വര്‍ഷം മുമ്പ് രൂപം നല്‍കിയതാണ് സമൂഹ ബൊമ്മക്കൊലു എന്ന ആശയം.
ഈ സംസ്‌കാരം വീണ്ടും ബ്രാഹ്മണ ഗൃഹങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ടെന്ന് ബ്രാഹ്മണസഭ ഭാരവാഹികള്‍ പറഞ്ഞു. ബ്രാഹ്മണസഭയുടെ നേതൃത്വത്തിലുള്ള സമൂഹബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. വൈകീട്ട് ആറുമുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനസമയം.പതിവിലും പുതുമകളോടെയാണ് ഇക്കൊല്ലം ബൊമ്മക്കൊലു അണിയിച്ചൊരുക്കിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക