മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ?; അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്; കെ ടി ജലീലിനെതിരെ പി വി അന്‍വര്‍

'സ്വയം നില്‍ക്കാന്‍ ശേഷിയില്ലാത്തതിന്, ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ ശേഷിയില്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല'
pv anvar
പി വി അൻവർ
Published on
Updated on

മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിനെതിരെ പിവി അന്‍വര്‍ എംഎല്‍എ. ഇവരൊക്കെ മറ്റാരുടെയോ കാലില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കൊക്കെ സ്വയം നില്‍ക്കാന്‍ ശേഷിയില്ലാത്തതിന്, ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ ശേഷിയില്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്. അവര്‍ക്കൊക്കെ അത്രയേ പറ്റുകയുള്ളൂവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരെ പറയില്ലെന്ന കെ ടി ജലീല്‍ പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പോള്‍ ആരെങ്കിലും വെടിവെക്കുമെന്ന് പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവനില്‍ പേടിയുണ്ടാകുമല്ലോ. ജീവനില്‍ പേടിയുള്ളവരെ നമുക്ക് തടുക്കാന്‍ കഴിയില്ലല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഉയര്‍ത്തിയ വിഷയത്തില്‍ ഒരു മനുഷ്യന്റെയും പിന്തുണ താന്‍ തേടിയിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ മുന്നിലാണ് വിഷയം അവതരിപ്പിച്ചതെന്നും അൻവർ വ്യക്തമാക്കി.

പി ആര്‍ വിഷയത്തില്‍ സിപിഎമ്മില്‍ പല അഭിപ്രായങ്ങളുണ്ട്. ഒരഭിപ്രായം പറയാനുള്ള നട്ടെല്ലുള്ള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാര്‍ട്ടി നേതൃത്വത്തിലില്ല എന്നതിന്റെ ദുരന്തമാണ് കേരളത്തില്‍ ഇന്ന് അനുഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് എഡിജിപി അജിത് കുമാറിനെയും പി ശശിയെയും ഭയമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെയും പേടിയാണ്. എനിക്കുശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തോയെന്ന് സിപിഎം നേതൃത്വമാണ് വിശദീകരിക്കേണ്ടത്.

മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കും. താന്‍ പറഞ്ഞതിന് ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് അബദ്ധം പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറയുന്നത്. ഇതൊക്കെ നാടകമാണ്. കേരളത്തില്‍ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന, സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഇതൊക്കെ മനസ്സിലാകുമെന്ന് പി വി അന്‍വര്‍ പറഞ്ഞു.

pv anvar
പിണറായി ഉടഞ്ഞ വിഗ്രഹം, ഈ പി ആര്‍ ഏജന്‍സി പണി കൊണ്ടൊന്നും നന്നാക്കാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

മലപ്പുറം വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. മുഖ്യമന്ത്രി പദവി ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ഒഴിയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകള്‍ വീണയ്‌ക്കോ നല്‍കണം. വീണയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടല്ലോ?. ബാക്കിയൊക്കെ സിപിഎം ഏറ്റെടുത്തോളും. ഈ പാര്‍ട്ടിക്ക് വീണയെ വിജയിപ്പിക്കാന്‍ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കണമെന്നും പി വി അന്‍വര്‍ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com