കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് കെഎസ്ഇബി ഓഫിസിനു മുന്നില്‍ പുളിച്ച് മാവ് തലിയില്‍ ഒഴിച്ച് വ്യാപാരിയുടെ പ്രതിഷേധം. കുണ്ടറയില്‍ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ പുളിച്ച മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.
ദോശമാവ് ആട്ടി കവറുകളില്‍ ആക്കി കടകളില്‍ വില്‍പന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ കുണ്ടറ വേലുതമ്പി നഗര്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 11 ഓടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകിയും വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെ പുളിച്ചു. തുടര്‍ന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസില്‍ വന്ന് പ്രതിഷേധിച്ചത്. ഉപയോഗശൂന്യമായ മാവ് തലയിലേക്ക് ഒഴിച്ചായിരുന്നു പ്രതിഷേധം.
ഉച്ചയ്ക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ 6 മുതല്‍ മാവ് ആട്ടാന്‍ തുടങ്ങിയിരുന്നു. വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെയായി. കെഎസ്ഇബിയില്‍ ബന്ധപ്പെട്ടപ്പോള്‍ മുന്നറിയിപ്പ് പ്രകാരമാണ് ലൈന്‍ ഓഫ് ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്. പ്രതിഷേധവുമായി കെഎസ്ഇബിയില്‍ എത്തിയപ്പോള്‍ മാത്രമാണ് 11 മണിയുടെ വൈദ്യുതി മുടക്കത്തിന്റെ മെസ്സേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക