പത്തനംതിട്ട: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാല്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്നലെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം സര്‍ക്കാരിനു വിടുകയായിരുന്നു.
എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദിവസവും 80,000 പേര്‍ക്കു വീതം ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദര്‍ശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നാണു ദേവസ്വം ബോര്‍ഡ് പറയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതെന്നാണ് ബോര്‍ഡിന്റെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക