ആലപ്പുഴ: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം നേതാവ് ജി സുധാകരൻ. ക്രൂരമായ മാനസിക പീഡനമാണ് നവീന്റെ മരണത്തിന് കാരണമായത് എന്നാണ് ഫെയ്സ്ബുക്കിൽ സുധാകരൻ കുറിച്ചത്.
ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു...- ജി സുധാകരൻ കുറിച്ചു. നിരവധി പേരാണ് സുധാകരന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റു ചെയ്യുന്നത്.
കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അതിനിടെയാണ് നവീന്‍ ജീവനൊടുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക