കാറിടിച്ച വിദ്യാര്‍ഥിയെ അതേ വാഹനത്തില്‍ കൊണ്ടു പോയി, വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു, കുട്ടി ബസില്‍ കയറി വീട്ടിലെത്തി

മണിമല ബസ് സ്റ്റാന്‍ഡിന് സമീപം കുട്ടിയെ ഇറക്കിവിട്ട ശേഷം കാര്‍ യാത്രികര്‍ കടന്നു കളഞ്ഞു
accident
കാറിടിച്ച കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു
Published on
Updated on

കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ബസില്‍ കയറി വീട്ടിലെത്തി. തുടർന്ന് പരിക്കേറ്റ വിദ്യാർഥിയെ വീട്ടുകാര്‍ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണിമല സെയിന്റ് ജോര്‍ജസ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കടയനിക്കാട് സ്വദേശി ജോയല്‍(12) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിനുമുകളിലേക്കാണ് കുട്ടി വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കുണ്ട്. നടുവിന് ചതവുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ സ്‌കൂളിന്റെ പടിക്കലുള്ള സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.

കറുകച്ചാല്‍ ഭാഗത്തു നിന്നെത്തിയ കാറാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാറിലുണ്ടായിരുന്നവര്‍, കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇതേ വാഹനത്തില്‍ കൊണ്ടുപോയി കുറച്ചകലെയുള്ള മണിമല ബസ് സ്റ്റാന്‍ഡിന് സമീപം കുട്ടിയെ ഇറക്കിവിട്ട ശേഷം കടന്നു കളഞ്ഞു. മണിമല പൊലീസില്‍ വിവരം അറിയിച്ചെങ്കിലും കാര്‍ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല. മണിമല ബസ്സ്റ്റാന്‍ഡിലും പരിസരങ്ങളിലുമുള്ള സിസിടിവി പരിശോധിച്ചാല്‍ കാര്‍ കണ്ടെത്താനാകുമെന്നിരിക്കെ, പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com