2018ലെ പ്രളയം വലിയ പാഠമായിരുന്നുവെന്നു ഐഎഎസ് ദമ്പതികളായ ഡോ. വി വേണുവും ശാരദ മുരളീധരനും. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകായിരുന്നു ഇരുവരും. പിന്നീട് വന്ന കോവിഡ് മഹാമാരി അടക്കമുള്ള ദുരന്ത സമയങ്ങളില്‍ അതിവേഗം കാര്യങ്ങള്‍ പോസിറ്റീവായി നീക്കാന്‍ സംസ്ഥാനത്തിനു സാധിച്ചതായി ഇരുവരും വ്യക്തമാക്കി.
ഒരു ദുരന്തമുണ്ടാകുമ്പോള്‍ എത്ര പേരെ കാണാതായി എന്നതൊന്നും ഒരു ഡാറ്റ വച്ച് അതിവേഗം കണ്ടുപിടിക്കാന്‍ സാധിക്കില്ല. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു ഇരുവരും പറയുന്നു.
'പരമാവധി പേരെ ജീവിതത്തിലേക്ക് തിരികെ കയറ്റുക എന്നതിനാണ് ആദ്യ പരിഗണന. ബാക്കി എല്ലാ കാര്യങ്ങളും പിന്നീട് നടത്തേണ്ടതാണ്. എത്ര പേര്‍ മരിച്ചു, എത്ര പേര്‍ രക്ഷപ്പെട്ടു, ദുരന്തം നടക്കുമ്പോള്‍ സ്വന്തം വീട് പൂട്ടി മറ്റിടങ്ങളിലേക്ക് പോയവര്‍ ആരെല്ലാം തുടങ്ങി നിരവധി കണക്കുകള്‍ എടുക്കാനുണ്ടാകും. വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല ഇതിന്റെ തുടര്‍ നടപടി ക്രമങ്ങള്‍.'
'സാങ്കേതിക വിദഗ്ധര്‍ ഉരുള്‍പൊട്ടലിനെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ ഇറക്കരുത് എന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉത്തരവ് അനുചിതമായിരുന്നു. അതുകൊണ്ടാണ് അപ്പോള്‍ തന്നെ അതു പിന്‍വലിച്ചത്. അതിലൊരു പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതില്ല. ചോദിച്ചതു കൊണ്ടു പറയാം.'
'നമ്മളൊരു പണി എടുത്തു കൊണ്ടിരിക്കുകയാണ്. ഇത് എന്തുകൊണ്ടു നടന്നു എന്ന് അന്വേഷിക്കാനല്ല. മറിച്ച് ദുരന്തത്തെ വിമര്‍ശിക്കാന്‍ വേണ്ടിയും കമന്റുകള്‍ പറയാനും ആളുകള്‍ ഇറങ്ങിയിരുന്നു. അവര്‍ ഇറങ്ങി എന്ന് കേട്ടപ്പോഴാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. സമാന ഉത്തരവ് ഉത്താരഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴും അവിടെ ഇറങ്ങിയിരുന്നു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയാണ് ഉത്തരവ് ഇറക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഈ സമയത്ത് ഇത്തരം ശ്രദ്ധ തിരിക്കലുകള്‍ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് ഇനിയാരും തത്കാലത്തേക്ക് വരേണ്ട. വരണ്ട സമയമാകുമ്പോള്‍ ഞങ്ങള്‍ വിളിക്കാം- എന്നാണ് എന്‍ഡിഎംഎ ഉത്തരവ് ഇറക്കിയത്. സമാനമായാണ് ഇവിടെയും നടന്നത്. പക്ഷേ രണ്ടും രണ്ട് കോണ്ടക്‌സ്റ്റാണ്. ഇത്തരമൊരു ഉത്തരവ് ഇറക്കിയാല്‍ അതിന്റെ ഉദ്ദേശം മാറ്റിയേ ആള്‍ക്കാര്‍ എടുക്കുള്ളു. അതുകൊണ്ടു പിന്‍വലിച്ചു.'
ദുരന്ത സ്ഥലത്തേക്കുള്ള ആളുകളുടെ കാഴ്ച കാണാനുള്ള വരവ് ദുരന്തത്തിന്റെ രണ്ടാം ദിനം മുതല്‍ തന്നെ ഉണ്ടായിരുന്നുവെന്നു ഇരുവരും പറഞ്ഞു.
'ഉരുള്‍ പൊട്ടലുണ്ടാക്കിയ ട്രോമ ചെറുതല്ല. നോക്കു, ചുറ്റുമുള്ളവരുടെ ഉള്ളില്‍ അതുണ്ടാക്കിയത് ഭയങ്കര ഭീതിയും പ്രശ്‌നങ്ങളുമാണ്. അത്തരം ആളുകള്‍ക്കിടയില്‍ വീണ്ടുമൊരു പരിഭ്രമം സൃഷ്ടിക്കരുതെന്ന മുന്‍ കരുതലാണ് ഉത്തരവിന്റെ ഉദ്ദേശം. അത്തരം സമയങ്ങളില്‍ ആവശ്യമില്ലാത്തവര്‍ കമന്റ് ചെയ്യണ്ട എന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് അത്തരം ആളുകള്‍ക്ക് ആ ഘട്ടങ്ങളില്‍ ആത്മവിശ്വാസം കൊടുക്കുക എന്നത്. ഒപ്പം ഞങ്ങളുണ്ട് എന്ന് ഓര്‍മപ്പെടുത്തല്‍. ഇനിയൊന്നും സംഭവിക്കില്ല. നടന്നതിനെ നമുക്ക് ഒറ്റക്കെട്ടായ് നേരിടാം. എന്നു സന്ദേശം കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, ഇതു മുഴുവന്‍ പോയി കിടക്കുകയാണ്. ഞങ്ങള്‍ പണ്ടേ ക്വാറിയെ കുറിച്ച് പറഞ്ഞതല്ലേ, എന്നൊക്കെ പറയാനാണ് അവിടെ ആളുകള്‍ വന്നത്.'
'എന്നാല്‍ കേരളത്തിലെ അവസ്ഥയില്‍ അത്തരമൊരു ഉത്തരവ് പാടില്ലായിരുന്നു. ഭയം ഉണ്ടാക്കാതിരിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ അങ്ങനെയല്ലല്ലോ എടുക്കുക. നമുക്കെന്തോ മറയ്ക്കാനുണ്ടെന്നല്ലേ എടുക്കുള്ളു.'
2018ലെ പ്രളയം
'അഞ്ചാറ് ദിവസം ഞാന്‍ കണ്‍ട്രോള്‍ റൂമില്‍ തന്നെയായിരുന്നു. ഫുള്ളായിട്ട്. പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നതിനും എത്രയോ അപ്പുറം അപ്പേഴേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ആലോചിച്ച് ഫ്രെയിം വര്‍ക്കിലേക്കെത്തിക്കാന്‍ നേരമുണ്ടായിരുന്നില്ല. നാട്ടുകാരടക്കമുള്ളവരാണ് ആദ്യ ഘട്ടം മുതല്‍ തന്നെ മറ്റുള്ളവരെ രക്ഷിക്കാനുണ്ടായിരുന്നത്. തുടക്കത്തിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ എല്ലാ ക്രെഡിറ്റും ജനങ്ങള്‍ക്കാണ്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കല്ല. അവരാണ് അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി നിന്നത്. പ്രാദേശിക ഭരണകൂടങ്ങളും മറ്റ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ ജനതയ്ക്ക് ശക്തിയായി നിന്നു.'
'ഓരോ നിമിഷവും മാറി കൊണ്ടിരിക്കുന്ന ഡാറ്റയുടെ പുറത്താണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. ഡാമുകള്‍ നിറയുന്നു, മഴ മാറുന്നില്ല, ഡാമുകളിലെ, തുറന്നു വിടേണ്ട വെള്ളം എത്രയാണെന്നു സാങ്കേതികമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യം... അതിനെ മാനേജ് ചെയ്‌തേ പറ്റു. കണ്‍ട്രോള്‍ റൂമില്‍ ഇരുന്നു തന്നെ ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നു. പല സ്ഥലത്തു നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ചില ഡാമുകള്‍ നിറഞ്ഞു കവിയുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. അങ്ങനെ ഓവര്‍ റണ്‍ ആകുമ്പോള്‍ ഡാം പൊട്ടാനുള്ള സാധ്യതയടക്കം മുന്നില്‍.'
'ഹൈ റേഞ്ചില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. താഴെ ദുരന്തത്തില്‍ നിന്നു കരകയറാനുള്ള ശ്രമങ്ങള്‍. ദേശീയ തലത്തില്‍ നിന്നു രക്ഷാ വിദഗ്ധരെ എത്തിക്കുക, മറ്റ് അവശ്യ വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്ര വേഗം എത്തിക്കാന്‍ സാധിക്കും തുടങ്ങി നിരവധി ആലോചനകള്‍ അത്തരം സമയങ്ങളില്‍ നടന്നു. 13 ലക്ഷം ആളുകളാണ് അന്ന് ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നമുക്കിപ്പോള്‍ ആലോചിക്കാന്‍ തന്നെ സാധിക്കുന്നില്ല. ഇതെല്ലാം മാനേജ് ചെയ്യുന്നതടക്കം കണ്‍ട്രോണ്‍ റൂം നേരിട്ട വെല്ലുവിളികള്‍ നിരവധിയാണ്'- ഇരുവരും അഭിമുഖത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ