തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടിത്തന്നെ, എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന എസ് പി സുജിത് ദാസുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നുമാണ് അന്‍വര്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാജയമാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കൂടിക്കാഴ്ച നടത്തി. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ എഡിജിപി എംആര്‍ അജിത് കുമാറുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. എഡിജിപിയുടെ വാദങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കും. ഇതിനു ശേഷം മുഖ്യമന്ത്രി പൊലീസ് മേധാവിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതിന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
കോട്ടയത്തു നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും എഡിജിപി അജിത് കുമാറും പങ്കെടുക്കുന്നുണ്ട്. ഇതിനു മുമ്പായി തിരക്കിട്ട ചര്‍ച്ചകളാണ് കോട്ടയത്ത് നടക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ പദവിയില്‍ നിന്നും മാറ്റണമെന്ന് ഡിജിപി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് വിവരം. അതേസമയം, പി വി അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ