തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ ഡിജിപി ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയാണ് അന്വേഷണം നടക്കുക. എഡിജിപിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി ഉത്തരവിട്ടത്.
ഡിജിപിയെ കൂടാതെ നാല് അംഗങ്ങളാണ് ഉള്ളത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍, ക്രൈംബ്രാഞ്ച് എസ്പി മദുസൂധനന്‍, എസ്പി ഷാനവാസ് അടങ്ങിയ സംഘത്തെയാണ് രൂപീകരിച്ചത്. അന്വേഷണ സംഘം ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.
കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏതു കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും സര്‍ക്കാരിനില്ല. ചില പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്വേഷിക്കും. ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരത്ത് എം ആര്‍ അജിത് കുമാര്‍ സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായും സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശവും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'അജിത് കുമാര്‍ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. കവടിയാര്‍ കൊട്ടാരം കേട്ടിട്ടുണ്ടോ, നാടിന്റെ അഭിമാനമാണ് ആ കൊട്ടാരം. അതിന്റെ കോമ്പൗണ്ടില്‍ വ്യവസായി എം എ യൂസഫലിക്ക് വീടുണ്ട്. ഹെലിപാഡുമുണ്ട്. ഇതിന് തൊട്ടടുത്ത് പത്തു സെന്റ് സ്ഥലമാണ് അജിത് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലാണ്. കോര്‍പ്പറേഷനില്‍ പ്ലാന്‍ പരിശോധിച്ചാല്‍ മനസിലാകും.12000 ചതുരശ്ര അടിയാണോ, 15000 ചതുരശ്ര അടിയാണോ എന്ന കാര്യം അറിയില്ല.പരിശോധിക്കണം. ഈ ചങ്ങാതിയാണ് സ്ഥലം വാങ്ങിയത്. കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഊഹിക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം.അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പേ ഇടു, 25 രൂപയുടെ കുപ്പായമേ ഇടു,കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി, ഇക്കാര്യം അന്വേഷിക്കണം'- പി വി അന്‍വര്‍ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ