കൊച്ചി: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍, ആരോപണ വിധേയര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിക്ക് അവരെ ഭയമുള്ളതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും ഗൗരവത്തോടെ അന്വേഷിക്കാതെ, പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി കഴിയുന്നത്. അവരെ ഭയന്നാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. അവരെന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് നേരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും, ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി എംആര്‍ അജിത് കുമാറിനേയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബാക്കിയെല്ലാവരും എഡിജിപിയേക്കാളും ജൂനിയര്‍ ഓഫീസേഴ്‌സാണ്. എസ്പിക്കെതിരായി അന്വേഷണം വന്നാല്‍ എസ്‌ഐയാണോ അന്വേഷിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു.
പത്തനംതിട്ട മുൻ എസ്പിയും പി വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള ഫോണ്‍സംഭാഷണം കേരളത്തെ ഞെട്ടിച്ചു. എസ്പി എംഎല്‍എയുടെ കാലു പിടിക്കുകയാണ്. സഹപ്രവര്‍ത്തകരായ മൂന്ന് എസ്പിമാരെക്കുറിച്ച് അസംബന്ധം പറഞ്ഞു. എഡിജിപിയുടെ ഭാര്യയുടെ സഹോദരന്മാര്‍ പണമുണ്ടാക്കുന്നു, എഡിജിപി കള്ളനാണ്, ക്രൂരനാണ്, എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് എന്നെല്ലാം എസ്പി പറഞ്ഞു. ആ എസ്പിയും ഇന്നും സര്‍വീസില്‍ ഇരിക്കുകയാണ്. ഇതെന്ത് പൊലീസാണെന്ന് വിഡി സതീശന്‍ ചോദിച്ചു.
പൊലീസിനെ ഇതുപോലെ നാണം കെടുത്തിയ കാലം വേറെയുണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല പിണറായി വിജയന്‍ കൈകാര്യം ചെയ്യുമ്പോള്‍, കേരളത്തിലെ പൊലീസ് സേന ജനങ്ങളുടെ മുമ്പില്‍ നാണം കെട്ടിരിക്കുകയാണ്. ഏതെങ്കിലും കാലത്ത് പൊലീസിന്റെ തലപ്പത്തിരിക്കുന്നവരെക്കുറിച്ച് സ്വര്‍ണം കള്ളക്കടത്ത്, കൊലപാതകം തുടങ്ങിയ ആരോപണങ്ങള്‍ കേട്ടിട്ടുണ്ടോ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ സ്വര്‍ണം കള്ളക്കടത്ത് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും വിഡി സതീശന്‍ ചോദിച്ചു.
എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്റെ ഏരിയയില്‍ നിന്നും സ്വര്‍ണം പിടിച്ചിട്ട് ഒരു കേന്ദ്രത്തില്‍ പോയി അതില്‍ നിന്നും അടിച്ചു മാറ്റുന്നു. കുറച്ചു സ്വര്‍ണം മാത്രം കാണിച്ച് അതിന്മേല്‍ കേസെടുക്കുന്നു. എന്തൊരു ആരോപണമാണിത്. എസ്പിയുടെ നേതൃത്വത്തില്‍, എഡിജിപിയുടെ അറിവോടു കൂടി, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയോടു കൂടി. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും പിന്തുണ കൊടുക്കുന്നു തുടങ്ങിയ ആരോപണങ്ങളല്ലേ ഉയര്‍ന്നത്. ഭരണകക്ഷി എംഎല്‍എ ആരോപണം ഉന്നയിച്ചത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ. അതിനര്‍ത്ഥം ആരോപണം ശരിയാണെന്നു തന്നെയാണ്. ആരോപണ വിധേയരെ നിലനിര്‍ത്തിയാണോ അന്വേഷണം നടത്തേണ്ടത്?.ആരെയാണ് കളിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജനങ്ങളെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സിപിഎം അതിന്റെ ഏറ്റവും വലിയ ജീര്‍ണതയിലേക്ക് പോകുകയാണ്. ബംഗാളില്‍ അവസാന കാലത്തുണ്ടായ ദുരന്തത്തിലേക്കാണ് കേരളത്തിലെ സിപിഎം പോകുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിയെ കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. അതിനോട് പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ല. ബംഗാളിലെപ്പോലെ കേരളത്തിലെ സിപിഎം തകര്‍ന്നുപോകുന്നതിനെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ സഹായിക്കാന്‍ വേണ്ടി തൃശൂര്‍ പൂരം കലക്കിയതാണ്. ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപിയെ സഹായിക്കാന്‍ വേണ്ടി മനപ്പൂര്‍വമായി നടത്തിയ ഗൂഢാലോചനയാണ്. അതിന്മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ