കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം.
ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. 'കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി.'- കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
അതിനിടെ, മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ