മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെതിരായ മരംമുറിക്കേസില്‍ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍. മരം മുറിച്ചത് മുന്‍ എസ്പി കരീമിന്റെ കാലത്താണെന്ന് പറയാന്‍ പൊലീസ് പ്രേരിപ്പിച്ചെന്നാണ് ക്യാംപ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഫരീദയുടെ വെളിപ്പെടുത്തല്‍. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി എഴുതി വാങ്ങിയതെന്നും ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ ആദ്യമായി മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് കരീം സാറിന്റെ കാലത്താണ്. വലിയ മരമായതിനാല്‍ അത് വീടിന് ഭീഷണിയായിരുന്നു.അതുകൊണ്ടാണ് എസ്പി ഓഫീസില്‍ ചെന്ന് നേരിട്ട് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ ആദ്യം പരിഗണിച്ചിരുന്നില്ല. പിന്നീട് വീണ്ടും പരാതി പറഞ്ഞപ്പോഴാണ് ചില്ലകള്‍ മുറിച്ച് മാറ്റിയത്. പിന്നെയും കുറെ കഴിഞ്ഞ് സുജിത് സാര്‍ വന്നതിന് ശേഷമാണ് മരം മുറിക്കുന്നത്'- ഫരീദ പറഞ്ഞു.
മരം മുറിച്ച് അവിടെ ഇട്ടിരിക്കുകയായിരുന്നു. മരം മുറിച്ചശേഷം പൊലീസ് സെക്യൂരിറ്റി ഗാര്‍ഡാണ് എഴുതി ഒപ്പിട്ടു തരാന്‍ ആവശ്യപ്പെട്ടത്. വീടിന് അപകട ഭീഷണിയുള്ളതിനാലാണ് മരം മുറിച്ചതെന്ന് അപേക്ഷ നല്‍കാനാണ് പറഞ്ഞത്. സെപ്റ്റംബര്‍ 2023നാണെന്നാണ് അപേക്ഷ നല്‍കിയെതന്നാണ് ഓര്‍മ. പിന്നീടാണ് അനധികൃതമായാണ് മരം മുറിച്ചതെന്ന ആരോപണം ഉയര്‍ന്നതായി അറിഞ്ഞത്. അതിനുശേഷം അബ്ദുള്‍ കരീം സാര്‍ എസ്പിയായിരുന്നപ്പോള്‍ മുറിച്ചതാണെന്ന് പറയണമെന്ന് പറയാന്‍ പറഞ്ഞിരുന്നു. എന്നാല്‍, കരീം സാര്‍ ഉണ്ടായിരുന്നപ്പോള്‍ അപകടഭീഷണിയായ ചില്ല മാത്രമാണ് മുറിച്ചതെന്നും മരം മുറിച്ചിരുന്നില്ലെന്നും ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ എംഎല്‍എ മലപ്പുറം എസ്പി ഓഫീസ് വളപ്പിലെ മഹാഗണി മരങ്ങള്‍ സുജിത് ദാസ് തന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ പണിയാന്‍ മുറിച്ചുമാറ്റിയതായി ആരോപിച്ചത്. 57,000 കൂര വിലവരുന്ന മരങ്ങള്‍ 20,000 രൂപയ്ക്ക് എസ്പി ലേലത്തില്‍ വിറ്റെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സുജിത്ത് ദാസിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ