മറ്റന്നാള്‍ 'കല്യാണപ്പൂരം'; ഗുരുവായൂരില്‍ പ്രത്യേക ക്രമീകരണങ്ങള്‍; അറിയാം

ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍
guruvayur
ഗുരുവായൂര്‍ ഫയൽ ചിത്രം
Published on
Updated on

ഗുരുവായൂര്‍: ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 354 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കും.

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ നാലു മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ആറ് ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം 2 മംഗളവാദ്യസംഘത്തെ നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം.

താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദര്‍ശന ക്രമീകരണം

ക്ഷേത്രത്തില്‍ അന്നേ ദിവസം ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദര്‍ശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ, പടിഞ്ഞാറേ കോര്‍ണര്‍ വഴി ക്യൂ കോംപ്‌ളക്‌സിനകത്തേക്ക് കയറ്റി വിടും. ദര്‍ശന ശേഷം ഭക്തര്‍ക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പളളി വാതില്‍ (കൂവളത്തിന് സമീപം) വഴി മാത്രമേ പുറത്തേക്ക് പോകാന്‍ പാടുള്ളു.. ഭഗവതി ക്ഷേത്രപരിസരത്തെ വാതില്‍ വഴി ഭക്തരെ പുറത്തേക്ക് വിടുന്നതല്ല.

കിഴക്കേ ഗോപുരം വഴി ജനറല്‍ ക്യൂ

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. വിവാഹ തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

പുറത്ത് നിന്നുള്ള ദര്‍ശന സൗകര്യം

ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നില്‍ നിന്നു തൊഴാനെത്തുന്ന ഭക്തര്‍ ക്യൂ കോംപ്‌ളക്‌സില്‍ പ്രത്യേകം ഏര്‍പ്പെടുന്ന ലൈന്‍ വഴി കിഴക്കേ ഗോപുര സമീപം വന്ന് ദീപസ്തംഭത്തിന് സമീപമെത്തി തൊഴുത് തെക്കേ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ശയനപ്രദക്ഷിണം ഉണ്ടാകില്ല

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കുന്നതിനായി സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസ്

ക്ഷേത്ര ദര്‍ശനത്തിന്നെത്തുന്ന ഭക്തര്‍ക്കും വിവാഹ ചടങ്ങിനെത്തുന്നവര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും സെപ്റ്റംബര്‍ എട്ടിനു ഉണ്ടാകും. തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും അവര്‍ സേവന സജ്ജരായി രംഗത്തുണ്ടാകും.

വാഹനങ്ങള്‍ ശ്രീകൃഷ്ണാ സ്‌കൂള്‍ മൈതാനത്തും പാര്‍ക്ക് ചെയ്യാം

സെപ്റ്റംബര്‍ എട്ടിന് , ഗുരുവായൂരില്‍ എത്തുന്ന ഭക്തജനങ്ങളുടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കിഴക്കേ നടയിലെ ബഹുനില വാഹന പാര്‍ക്കിങ്ങ് സമുച്ചയത്തിന് പുറമെ, മമ്മിയൂര്‍ ജംഗ്ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ ഭക്തജനങ്ങള്‍ സഹകരിക്കണം

guruvayur
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ് ; ഓണം അഡ്വാന്‍സ് 20,000 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com