കൊച്ചി: വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. അന്വേഷണം എങ്ങനെ വേണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാവില്ല. അതേസമയം അന്വേഷണം ശരിയായ ദിശയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ട കോടതി, ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ ഹര്‍ജി തീര്‍പ്പാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേണമെങ്കില്‍ മുഹമ്മദ് കാസിമിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് മുഹമ്മദ് കാസിമിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ മറ്റൊരു പരാതിയും നല്‍കി.
മുഹമ്മദ് കാസിം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മുഹമ്മദ് കാസിം പ്രതിയായും വാദിയായുമുള്ള രണ്ടു കേസുകളിലെയും അന്വേഷണ ഡയറി പരിശോധിച്ചതില്‍ നിന്നും, അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. മുഹമ്മദ് കാസിം ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സൈബര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതാദ്യം പ്രചരിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
മെറ്റയുടെ സഹകരണം ഇല്ലാതെ ഇക്കാര്യത്തില്‍, വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകില്ലെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇത് എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്‍ മുഹമ്മദ് കാസിം ഇരയാണെന്ന് നിരീക്ഷിച്ച കോടതി, ഡിവൈഎഫ്‌ഐ നേതാവിന്റെ അടക്കം പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയപരിശോധന വേഗത്തിലാക്കാനും കോടതി നിര്‍ദേശിച്ചു. വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറുകളാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക