തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു ആരാപണമോ പരാതിയോ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ശശിക്കെതിരെ ഒരു ആരോപണവും ഇല്ല. പി ശശിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എഴുതി നല്‍കട്ടെയെന്നും അതും അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അന്‍വറിന് പി ശശിക്കെതിരെ പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്‍കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ?. അത് തന്നെ നല്ല ലക്ഷണമാണോ?. പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇനിയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാം. അന്‍വര്‍ എല്‍ഡിഎഫിന്റെ സ്വതന്ത്രനാണ്. ആ നിലയില്‍ അദ്ദേഹത്തിന് സ്വതന്ത്രമായി നിലപാടുകള്‍ ഉണ്ടാകുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
പിവി അന്‍വര്‍ അല്ല ഇടതുമുന്നണി. അദ്ദേഹം അതിലെ ഒരു അംഗംമാണ്. കേരളനിയമസഭയിലെ ഒരു എംഎല്‍എയാണ്. അദ്ദേഹമാണ് ഇടതുമുന്നണിയുടെ നയരൂപീകരണമെന്ന ധാരണയില്‍ നില്‍ക്കരുത്. പിവി അന്‍വര്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തും. ഫോണ്‍ ചോര്‍ത്തുന്നതിനെ ഒരുതരത്തിലും പിന്തുണയ്ക്കാനാവില്ല. ആര് ചെയ്താലും അത് തെറ്റാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. പരാതികള്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍, തെറ്റ് ചെയ്‌തെങ്കില്‍ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എല്‍ഡിഎഫിന്റെ നിലപാട്.
അജിത് കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എല്‍ഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആര്‍എസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാര്‍ട്ടികള്‍. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ല. ആരോപണം ശരിയാണെങ്കില്‍ കടുത്ത ശിഷ കൊടുക്കണം. ആ നിലപാടില്‍നിന്ന് മാറുന്നില്ല. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയില്‍ ഒരു അതൃപ്തിയും ഇല്ല ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളെ അജിത് കുമാര്‍ കണ്ടതല്ല പ്രശ്‌നം, എന്തിന് കണ്ടു എന്നതാണ്. കാണാന്‍ പാടില്ല എന്നു പറയാന്‍ കഴിയില്ല. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനല്ല ഇപി ജയരാജനെ മാറ്റിയത്. സംഘടനാപരമായ കാര്യമാണത്. എന്ത് ജോലി ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക