തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതോടെ ഇതു വെളിപ്പെട്ടു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുപോലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്ത നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്ര ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും, ആര്‍എസ്എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചിട്ടുപോലും ഒരു വിശദീകരണം ചോദിക്കാനോ, നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് ആര്‍എസ്എസ്-സിപിഎം അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അജിത് കുമാറിനെതിരെ നടപടിയെടുത്താല്‍ അത് ആര്‍എസ്എസിനെ വേദനിപ്പിക്കും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അജിത് കുമാറിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സത്യസന്ധനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഇതുവരെ ഒരു മോശം ട്രാക്ക് റെക്കോര്‍ഡുമില്ലാത്ത, ഒരു അഴിമതി ആരോപണം പോലുമില്ലാത്ത മലപ്പുറം എസ്പിക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തു. പത്തുദിവസം തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന ഭരണകക്ഷി എംഎല്‍എയെ തൃപ്തിപ്പെടുത്താനാണ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റിയത്. ഇതിലൂടെ മുഖ്യമന്ത്രി പൊലീസ് സേനയ്ക്കും പൊതുസമൂഹത്തിനും എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
എല്ലാ ആരോപണങ്ങളുടേയും നടുവില്‍ നില്‍ക്കുന്ന, ആര്‍എസ് നേതാക്കളെ കണ്ടയാളെ സംരക്ഷിക്കുകയും, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്യുന്നതാണോ പൊലീസ് സേനയ്ക്ക് കൊടുക്കുന്ന സന്ദേശം?. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന കേരളത്തിലെ പൊലീസ് സേനയെ ഏറാന്‍മൂളികളുടെ സംഘമാക്കി മാറ്റുകയാണ് പിണറായി വിജയനും സംഘവും ചെയ്യുന്നത്. സംസ്ഥാനത്ത് ഏറെ ദിവസമായി ചര്‍ച്ച ചെയ്യുന്ന വിഷയം എല്‍ഡിഎഫിന്റെ അജണ്ടയില്‍പ്പോലും ഉണ്ടായിരുന്നില്ലെന്ന് ഒരു ഘടകകക്ഷി നേതാവാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യം സിപിഎമ്മില്‍ മാത്രമല്ല, ഘടകകക്ഷികളുടെ മേല്‍ പോലും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക