കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ കരുനാഗപ്പളളി വെളുത്തമണല്‍ സ്വദേശി അജ്മലിന്റെ (29)യും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി (27) യുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ശ്രീക്കുട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് അജ്മലിനെതിരെ കേസെടുത്തത്. ചന്ദനക്കടത്ത്, വഞ്ചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറയുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഡോ. ശ്രീക്കുട്ടി. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും സ്വകാര്യ ആശുപത്രിപുറത്താക്കി.
ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് അജ്മല്‍ പറഞ്ഞു. അപകടമുണ്ടായശേഷം അജ്മലും ശ്രീക്കുട്ടിയും അമിത വേഗത്തില്‍ കാറോടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു കാറില്‍ അജ്മലിന്റെ കാര്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.
മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടുപോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയിൽ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മൽ ഇറങ്ങിയോടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക