ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ് ആണെന്ന് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍. ദിലീപിന്റെ അഭിഭാഷകര്‍ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടുപോയിയെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ വിസ്താരം നടത്തിയതെന്നും പള്‍സര്‍ സുനി ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്രയേറെ വിസ്താരം നീണ്ടിട്ടും വിചാരണ കോടതിയോ, പ്രോസിക്യൂഷനോ ഇതിനെ എതിര്‍ത്തില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ ഒരു പ്രതിയുടെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതെന്തുതരം വിചാരണയാണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
വിചാരണ കോടതി നടപടികളില്‍ സുപ്രീംകോടതി ആശ്ചര്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും കാലം വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷനും എതിര്‍ത്തില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അറിയിച്ചു. അപ്പോള്‍ പ്രോസിക്യൂഷനെയും സംസ്ഥാന സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. സ്വാധീനമുള്ള പ്രതി ഇത്രയും നാള്‍ സാക്ഷിയെ വിസ്തരിച്ചോയെന്ന് സുപ്രീംകോടതി ചോദിച്ചു. വിചാരണ നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതല്‍ സമയം അനുവദിക്കുന്നു. ഇങ്ങനെയായാല്‍ കേസ് എപ്പോഴാണു തീരുകയെന്ന് സുപ്രീംകോടതി ചോദിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും കോടതി നിരീക്ഷിച്ചു. 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചെലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തല്‍ക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തടയാൻ പ്രോസിക്യൂഷനും കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഏഴു വർഷമായി ജയിലിലാണെന്ന പൾസർ സുനിയുടെ വാദവും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തു.
പള്‍സര്‍ സുനി ജയിലിലായിട്ട് ഏഴര വര്‍ഷം കഴിഞ്ഞിരിക്കുന്നു, ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാകാനിടയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിക്കു ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥ അന്തിമമാക്കുന്നതിന് വിചാരണ കോടതി വാദം കേള്‍ക്കണം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാം. തുടര്‍ന്നുവേണം ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക