തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത കണക്കുകള്‍ എഴുതി വെച്ചാല്‍ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുറത്തു വന്നത് മെമ്മോറാണ്ടം നല്‍കിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍പ്പോലും ഇതില്‍ വലിയ അപാകതകളുണ്ടായി. വിശ്വാസത്തിന് ഭംഗമുണ്ടായി. ആരാണ് ഇത്തരത്തിലൊരു മൊമ്മോറാണ്ടം തയ്യാറാക്കി കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് എന്നു കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 1600 കോടിയുടെ കണക്കാണ് നല്‍കിയിട്ടുള്ളത്. പുനരധിവാസം, വീടു നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2000 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുനരാലോചന നടത്തണം. പുനര്‍ചിന്തനം നടത്തി, ആളുകളെ മാറ്റി താമസിക്കുന്നത്, മുന്നറിയിപ്പ് സംവിധാനം ഒരുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ച്, എസ്ഡിആര്‍എഫ് റൂള്‍ അനുസരിച്ച് പുതിയ മെമ്മോറാണ്ടം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ദുരന്തത്തില്‍പ്പെട്ടവരെ സംസ്‌കരിക്കുന്നതിന് ഭൂമി അവിടത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മകനും ചേര്‍ന്ന് വിട്ടു നല്‍കുകയായിരുന്നു. കുഴി കുഴിക്കുന്നത് അടക്കം സന്നദ്ധപ്രവര്‍ത്തകരാണ് ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയായി എന്നു പറയുന്നത് എന്തു കണക്കാണ്?. വൊളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം കൊടുത്തത് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതില്‍ തന്നെ വലിയ അപാതകയാണ് ഉണ്ടായത്. എസ്ഡിആര്‍എഫ് ചട്ടപ്രകാരമല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. എവിടെയോ ആരോ തയ്യാറാക്കിയതാണ്. അങ്ങനെയല്ല ഒരു സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട് ദുരിതാശ്വാസത്തിന്റെ പുറത്ത് ഒരു വിവാദം ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. വിവാദത്തിന്റെ പുറത്ത് പണം കിട്ടാതെ പോകരുത്. അതുകൊണ്ടു തന്നെ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി വരുന്ന തുക പ്രത്യേകം അക്കൗണ്ടായി സൂക്ഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. വരുന്ന പൈസ വെബ്‌സൈറ്റിലില്‍ ഇട്ടാല്‍ മതി. അതില്‍ നിന്നും ഓരോ ദിവസവും ചെലവഴിക്കുന്ന പണം വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ആളുകള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്?: ചെന്നിത്തല
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്?. ചെലവഴിച്ചതാണ് എന്ന് വ്യക്തമാണ്. ആ നിലയില്‍ വലിയ തോതില്‍ പണം ചെലവഴിച്ചു എന്ന് വരുത്തി തീര്‍ക്കുകയും, വസ്തുത പുറത്തു വന്നപ്പോള്‍ ഇത് എസ്റ്റിമേറ്റാണെന്ന് പറയുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ശരിയായ നിലയാണോയെന്ന് വിലയിരുത്തണം. 2019 ലെ ദുരിതാശ്വാസ നിധിയിലെ കബളിപ്പിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതി വീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചെലവഴിച്ച തുകയാണോ എന്ന് വ്യക്തമാക്കണം. ജനറേറ്റര്‍ വാങ്ങാന്‍ 11 കോടി രൂപ ആവശ്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പണം കിട്ടണമെങ്കില്‍ വസ്തുതാപരമായ കണക്കുകളാണ് ബോധ്യപ്പെടുത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം ഒഴിവാക്കാനും വ്യക്തത വരുത്താനും മുഖ്യമന്ത്രി മുന്നോട്ടു വരണം. ചില സംഘടനകളെ ഭക്ഷണവിതരണത്തില്‍ നിന്നും ഒഴിവാക്കിയത് മറ്റ് ചില സംഘടനകളുടെ കള്ളക്കണക്കുകള്‍ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ സഹായം പുനരധിവാസത്തിന് ആവശ്യമാണ് എന്ന് കാണിച്ച് കണക്ക് നല്‍കുകയാണ് വേണ്ടത്. അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ട്. അതിനുപകരം യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകള്‍ അവതരിപ്പിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക