മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശി ഒരാഴ്ച മുക്കിയെന്ന് സംശയിക്കുന്നതായി പിവി അന്‍വര്‍ എംഎല്‍എ. ഒരാഴ്ചത്തോളം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് പൊളിറ്റക്കല്‍ സെക്രട്ടറി ചെയ്തത്. പി ശശിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിജിലന്‍സ് അന്വേഷണം വൈകാന്‍ കാരണം ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്താന്‍ വൈകിയതാണ്. എട്ട് ദിവസത്തോളം വൈകിയാണ് ഫയല്‍ എത്തിയത്. അതിന് പിന്നില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. 'ജനങ്ങളുടെ സംശയം ദുരീകരിക്കാന്‍ എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പ്രസ്താവന ഇറക്കിയില്ല. മുഖ്യമന്ത്രിയാണ് കാരണക്കാരനെന്ന നിലയില്‍ സമൂഹം ചര്‍ച്ച ചെയ്യുന്നതിലേക്ക് എത്തിയതില്‍ പൊളിറ്റക്കല്‍ സെക്രട്ടറി വലിയ പങ്കുവഹിച്ചു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് ഉണ്ട്' അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതായും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയാണ് അന്വേഷണം നടത്തേണ്ടതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അന്‍വര്‍ ആവര്‍ത്തിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന് പുറമേ എല്ലാ നിയമങ്ങളും ലംഘിച്ച് അജിത് കുമാറിന്റെ നേതൃത്വത്തില്‍ സമാന്തരമായി മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന അജിത്തിന്റെ നടപടി ചട്ടലംഘനമാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ഒരു പാരലല്‍ അന്വേഷണം നടത്തുകയെന്ന് പറഞ്ഞാല്‍ കേരളത്തിലെ പൊലീസിന്റെ ചരിത്രത്തില്‍ ഇല്ലാത്തതാണ്. ഈ സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഇവിടത്തെ പൊലീസിന്റെ ചട്ടങ്ങളും തനിക്ക് ബാധകമല്ലെന്ന് അജിത് കുമാര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആ ചട്ടലംഘനം തന്നെ മതി അജിത് കുമാറനെ സസ്‌പെന്‍ഡ് ചെയ്യാന്‍. ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന അന്വേഷണം ചട്ടലംഘനമാണ്. അന്‍വര്‍ പറഞ്ഞ കാര്യത്തില്‍ തെളിവുകള്‍ ഉണ്ടെന്ന അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം' - അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക